നാളെ വിഷു; വിപണികൾ സജീവം I K NEWS


 ആനക്കര: കോവിഡ് ആശങ്കകൾ അകന്നതിനെത്തുടർന്ന് നല്ലൊരു വിഷുക്കാലം സ്വപ്നം കണ്ട് വിഷുവിപണി ഉണർന്നു. കൊന്നപ്പൂവും കണിവെള്ളരിയും പൂത്തിരിയും പടക്കവുമായി ഐശ്വര്യ വർണങ്ങളോടെയെത്തുന്ന വിഷുവിനെ വരവേൽക്കാൻ വിപണിയിൽ ആകെ തിരക്കാണ്. 

രണ്ടുവർഷത്തെ വിഷു കോവിഡ്ഭീതി കൊണ്ടുപോയപ്പോൾ ഇത്തവണ കച്ചവടം മികച്ചതാകുമെന്നാണ്‌ വ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന മഴ വിപണിയുടെ ശോഭ മങ്ങാൻ കാരണമാകുമോ എന്ന പേടിയും കച്ചവടക്കാർക്കുണ്ട്.

 പടിഞ്ഞാറൻമേഖലയിലെ എല്ലാ ടൗണിലും വഴിയോരങ്ങളിലും ഇത്തവണ വിഷുവിപണിയുണ്ട്. വിപണി ലക്ഷ്യമിട്ട് മേഖലയിലെ വിവിധ പാതയോരങ്ങളിൽ തമ്പടിച്ച് അതിഥിത്തൊഴിലാളികളുടെ കൃഷ്ണവിഗ്രഹങ്ങളുടെ വിൽപ്പനയും നടക്കുന്നുണ്ട്.

ചൈനീസ് പടക്കംതന്നെ താരം

പതിവുപോലെ ചൈനീസ് ന്യൂജെൻ പടക്കങ്ങൾക്കാണ് ഇക്കുറിയും ആവശ്യക്കാരേറെ. വിലയിൽ മുൻവർഷത്തേക്കാൾ വലിയ വർധനയില്ലെങ്കിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് വൈവിധ്യമാർന്ന പുതിയതരം പടക്കങ്ങളുണ്ടെന്ന പ്രത്യേകതയുണ്ട്.

ഉയരത്തിൽപ്പോയി ആകാശവിസ്മയംതീർത്ത് പൊട്ടുന്ന ഇനങ്ങൾക്കാണ് ഏറെ ആവശ്യക്കാർ. ഓലപ്പടക്കം, മാലപ്പടക്കങ്ങൾ, കമ്പിത്തിരി, നിലച്ചക്രം, മത്താപ്പ്, പാമ്പ് ഗുളിക തുടങ്ങിയ ഇനങ്ങൾക്കും ചെലവ് കൂടുതലാണ്. കഴിഞ്ഞതവണ കോവിഡിനെത്തുടർന്ന് നിറംമങ്ങിയ പടക്കവിപണി ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

കണിവെള്ളരി തയ്യാർ

വിഷു അടുത്തെത്തിയപ്പോൾ കണിയൊരുക്കാനുള്ള കണിവെള്ളരി വിപണിയും ഉഷാറായി.

മഞ്ഞയും ചുവപ്പും കലർന്ന കണിവെള്ളരി മാർക്കറ്റിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. ഇക്കുറി 20 മുതൽ 30 രൂപവരെയാണ് നാടൻ കണിവെള്ളരിയുടെ വില. വിലയ്ക്കനുസരിച്ച് വെള്ളരിയുടെ വലിപ്പത്തിൽ ചെറിയ വ്യത്യാസമുണ്ട്.

Jishnu

Tags

Below Post Ad