തൃത്താല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടിൻ്റെ പേരിൽ പതിച്ചുനൽകിയ അര ഏക്കർ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കി.
തൃത്താല വില്ലേജിൽ സർവ്വെ നമ്പർ ഒന്നിൽ ഭാരതപ്പുഴയുടെ തീരത്തുള്ള അമ്പത് സെൻ്റ് സ്ഥലമാണ് 1991 ജനുവരി 18ന് പട്ടയം അനുവദിച്ച് റവന്യൂ വകുപ്പ് ബാങ്ക് പ്രസിഡണ്ടിൻ്റെ പേരിൽ പതിച്ച് നൽകിയത്. കമ്യൂണിറ്റി ഹാൾ, കല്യാണമണ്ഡപം എന്നിവ നിർമ്മിക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി അനുവദിച്ചത്. എന്നാൽ പ്രസ്തുത പദ്ധതി മുപ്പത് വർഷം കഴിഞ്ഞിട്ടും നടപ്പാക്കപ്പെട്ടില്ല.
വ്യവസ്ഥക്ക് വിരുദ്ധമായി സർക്കാർ ഉത്തരവ് ലംഘിച്ചുകൊണ്ട് പതിച്ച് നൽകിയ ഭൂമിയിൽ ലബോറട്ടറിയും കാൻ്റീനുമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും, പതിച്ച് നൽകിയ ഭൂമി പതിവ് റദ്ദാക്കാൻ ലാൻ്റ് റവന്യൂ കമ്മീഷണർ കഴിഞ്ഞ ജനുവരി 7ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് റവന്യൂ അഡീഷണൽ സെക്രട്ടരി ആർ.എൽ ഗോപകുമാർ പട്ടയം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.
swale