കൂറ്റനാട്: കൂറ്റനാട്ട് 28 വർഷത്തിലധികമായി പ്രവർത്തിക്കാതെ കിടക്കുന്ന ബസ്‌സ്റ്റാൻഡ് തുറക്കാൻ നടപടി. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കച്ചവടക്കാർ, വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, പോലീസ്, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൂറ്റനാട് ബസ്‌സ്റ്റാൻഡിൽ ബസുകൾ കയറ്റണമെന്ന കോടതിവിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നിട്ടും സാങ്കേതികത്വവും മറ്റ് അസൗകര്യങ്ങളും പറഞ്ഞ് സ്വകാര്യബസുകാർ ബസുകൾ സ്റ്റാൻഡിൽ കയറ്റാറില്ല. ഇതിനാൽ കൂറ്റനാട് സെന്ററിൽനിന്നാണ് യാത്രക്കാർ ബസ് കയറുന്നത്.
ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കൂറ്റനാട് ബസ്‌സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കാതിരിക്കുന്നത് നീതീകരിക്കാനാവുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സ്പീക്കറുടെ പ്രത്യേക താത്പര്യപ്രകാരം ഒരുവർഷം മുമ്പ് ബസ്‌സ്റ്റാൻഡിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്സുകൾ പുറപ്പെടുന്നതിനും സ്റ്റാൻഡിൽ നിർത്തിയിടുന്നതിനും വഴിയൊരുക്കിയിരുന്നു. എങ്കിലും സ്വകാര്യ ബസുടമകൾ ഇതിന് തയ്യാറാവുന്നില്ല.
21-മുതൽ കൂറ്റനാട് ബസ്‌സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനമായി. ആർ.ടി.ഒ.യുടെ ഭാഗത്തുനിന്ന് സ്റ്റാൻഡ് തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ജോ. ആർ.ടി.ഒ. മോഹനൻ യോഗത്തിൽ വ്യക്തമാക്കി. ചാലിശ്ശേരി പോലീസിനെ പ്രതിനിധാനംചെയ്ത് എസ്.ഐ. ഗോപാലനും യോഗത്തിൽ സംസാരിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്് വി.വി. ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ ഇന്ദിര, സുന്ദരൻ, വ്യാപാരി സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയസംഘടനാ ഭാരവാഹികൾ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.