കപ്പൂർ കൂനംമൂച്ചിയിൽ ഫുട്ബോൾ മത്സരത്തിനിടെ കാണികൾ തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കൂനംമൂച്ചി-കൂറ്റനാട് റോഡിനുസമീപമുള്ള ടർഫ് ഫുട്‌ബോൾ മൈതാനത്താണ് സംഭവം.
കുമ്പിടി, കൊടിക്കാംകുന്ന് എന്നീ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഘർഷം അരങ്ങേറിയത്.കളിക്കിടെ ഒരു ടീമിന് ഫൗൾ അനുവദിച്ചില്ല എന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കളിക്കാർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കവും പിന്നീട് കാണികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലിൽ കലാശിച്ചു.
സംഘർഷത്തിൽ ടർഫിന് സംഭവിച്ച നാശനഷ്ടം പരിഹരിക്കാമെന്ന് ഇരു ടീമിന്റെയും ഭാരവാഹികൾ നൽകിയ ഉറപ്പിൽ മത്സരം പിന്നീട് വീണ്ടും തുടരുകയും ചെയ്തു.
തൃത്താല മേഖലയിൽ ടർഫുകൾ വ്യാപകമായ സാഹചര്യത്തിൽ രാത്രിമത്സരങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ മത്സരങ്ങളേക്കാൾ കൂടുതൽ നടക്കുക സംഘർഷങ്ങളാണെന്നും നാട്ടുകാർ പറയുന്നു. പ്രൈസ് മണി വെച്ചുള്ള മത്സരങ്ങളായതും സംഘർഷം വർധിക്കാൻ കാരണമാകുന്നുണ്ട്