തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.
ദുരന്തനിവാരണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്. കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.