നാല് വർഷമായി നോമ്പ് മുടക്കാതെ ആറങ്ങോട്ടുകരക്കടുത്ത തലശ്ശേരി കളരിക്കൽ വീട്ടിൽ കുമാരന്റെയും സൗദാമിനിയുടെയും മകൻ സനൂപ്.മസ്ക്കറ്റിൽ വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്യുമ്പോൾ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളുടെ പ്രേരണയിലാണ് നോമ്പ് തുടങ്ങിയത്. അന്നൊക്കെ രണ്ട് നാല്ദിവസങ്ങളിൽ ഒതുങ്ങി ആയിരുന്നു തുടക്കം. എന്നാലിപ്പോൾ മറ്റ് സുഹൃത്തുക്കൾക്കൊപ്പം ബഹറിനിൽ മനാമയിൽ ഒരു സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴും നോമ്പ് മുടക്കുന്നില്ല ഈ മുപ്പത്കാരന്.
നോമ്പ് പിടിക്കുന്നതോടൊപ്പം, ജാതിയുടെയും മതത്തിന്റെയും വ്യത്യാ സങ്ങളില്ലാതെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ പോവുന്നു സനൂപ്. മതവികാരത്തെക്കാൾ സത്യവും ജീവനുമുള്ളതാണ് മനുഷ്യർ തമ്മിലുള്ള സൗഹൃദവും സ്നേഹബന്ധങ്ങളും എന്ന് സനൂപ് പറയുന്നു.
റമളാൻ മാസത്തിന്റെ പവിത്രതയും വിശുദ്ധിയും ഉള്‍ക്കൊണ്ട് ഇപ്പോൾ മുപ്പത് നോമ്പും സനൂപ് പൂർത്തിയാക്കുന്നു. തുടക്കത്തിൽ പുലര്‍ച്ച മുതല്‍ വൈകീട്ട് വരെ പച്ചവെള്ളം പോലും കഴിക്കാതെ ഇരിക്കുന്ന കൂട്ടുകാര്‍ക്ക് ഒപ്പം നോമ്പ് എടുത്ത് മുറിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, പിന്നീട് നോമ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഉറപ്പിച്ചിരിക്കും, എന്ത് വന്നാലും തുടക്കം മുതല്‍ എല്ലാ നോമ്പും എടുക്കണമെന്ന് . അങ്ങനെയാണ്കഴിഞ്ഞ നാല് വര്‍ഷകാലമായി എല്ലാ നോമ്പും എടുക്കാന്‍ കഴിഞ്ഞത്.
ഗള്‍ഫിലെത്തിയിട്ടും നോമ്പെടുക്കാന്‍ കഴിയാത്തവന്, ഈ ലോകത്ത് വേറൊടിത്തും നോമ്പ് പിടിക്കാന്‍ കഴിയില്ല എന്നും സനൂപ് പറയുന്നു.അത്രമാത്രം അനുകൂല ചുററുപാടുകളും സൗകര്യങ്ങളുമാണ് ബഹറിനിൽ ഉള്ളത്. വ്രതം അനുഗ്രഹമാണ്. എന്നാല്‍ പുറംജോലിയെടുക്കുന്നവരെ സംബന്ധിച്ച് നാട്ടിലെ പോലെ ഇവിടെയും ഉപവാസം അതികഠിനം തന്നെയാണ്.
നാട്ടിൽ ഒരു നോമ്പെടുത്തവന് ഗള്‍ഫില്‍ നോമ്പെടുക്കാൻ പ്രയാസമുണ്ടാവില്ല. നോമ്പ് മനുഷ്യരെ നവീകരിക്കുകയും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസിലാക്കാൻ ഇടവരുത്തുകയും ചെയ്യുന്നു എന്നും സനൂപ് പറയുന്നു.ഭാര്യ.ഹർഷിമ, മകൾ. ശ്രിയ . സഹോദരൻ . സന്ദീപ്.