ദുബായ് വിമാനത്താവളം 9ന് അടയ്ക്കും; ആയിരത്തോളം സർവീസുകളിൽ മാറ്റം


ദുബായ് • റൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കുമ്പോൾ സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി) മാറും.

ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ പുറപ്പെടുംമുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് സർവീസുകൾ ഡിഎക്സ്ബിയിലെ ടെർമിനൽ 3ൽ തുടരുമെന്നാണ് ഇതുവരെയുള്ള വിവരം.

കാർഗോ വിമാനങ്ങളിൽ ചിലത് ഡിഡബ്ല്യുസിയിലേക്കു മാറും. െകാച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി), അൽ മക്തൂം വിമാനത്താവളം (ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞദിവസം അറിയിച്ചിരുന്നെങ്കിലും ഇനിയും മാറ്റമുണ്ടാകും.

സർവീസുകൾ വീണ്ടും പുനഃക്രമീകരിക്കുമെന്നും വിശദ സമയക്രമം 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഇൻഡിഗോ സർവീസുകളിലും മാറ്റമുണ്ടാകും.

Tags

Below Post Ad