അധ്യാപകനെന്ന വ്യാജേനെ വിദ്യാർത്ഥിയോട് അശ്ളീല സംഭാഷണം;പ്രവാസി യുവാവ് അറസ്റ്റിൽ


ഓൺലൈൻ ക്ളാസിന്റെ മറവിൽ അധ്യാപകനെന്നവ്യാജേനെ വിദ്യാർത്ഥിയെ വിളിച്ച് അശ്ളീല സംഭാഷണം നടത്തിയെന്ന പരാതിയിൽ പ്രവാസിയായ യുവാവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

വിദേശത്തായിരുന്ന പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് (44)നെയാണ് മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കരിപ്പൂർ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും പഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ളാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം കുട്ടിയോട് അടച്ചിട്ട മുറിയിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് യുവാവ് അശ്ളീലമായ രീതിയിൽ സംഭാഷണം തുടർന്നതോടെ കുട്ടി മാതാവിനോട് വിവരം പറയുകയുമായിരുന്നു.മാതാപിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്കൂളിലെ അധ്യാപകർ അത്തരത്തിൽ ക്ളാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്.

തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ആയിരുന്നു.അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി,സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർക്കും പരാതി നൽകിയതോടെയാണ് മലപ്പുറം എസ്പിയുടെ നിർദേശപ്രകാരം മലപ്പുറം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ കൊമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. 

തുടർന്ന് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വിദ്യാർത്ഥിക്ക് കോൾ ചെയ്തതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്നാണ് ചങ്ങരംകുളം എസ്ഐ ഖാലിദ്,സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.പിടിയിലായ പ്രതി പാലക്കാട് ജില്ലാ സൈബർ പോലീസിലും സമാനമായ പരാതിയിൽ പ്രതിയാണ് അന്വേഷണസംഘം പറഞ്ഞു.പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.

Below Post Ad