പോലീസുകാരുടെ മരണം: രണ്ടുപേർ കസ്റ്റഡിയിൽ | KNews


പാലക്കാട്: മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിമുതൽ ഇവരെ കാണാനില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. രാത്രി ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് രാവിലെയാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ച രണ്ടുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും രാത്രി ഇവർ മീൻ പിടിക്കാൻ പോയിരുന്നെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. അതിനാൽതന്നെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് സംബന്ധിച്ച് ദുരൂഹത ഉയർന്നിരുന്നു. മാത്രമല്ല, മരിച്ചതിന് ശേഷം മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചിരുന്നു.

Below Post Ad