പട്ടാമ്പി: ഭാരതപ്പുഴയിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ (എഫ്.ഒ.ബി.) ഹൈക്കോടതിയെ സമീപിച്ചു. ലോകവ്യാപകമായി നടക്കുന്ന പുഴയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിധികളും നിയമനിർമാണങ്ങളും പരിഗണിച്ച് ഭാരതപ്പുഴയ്‌ക്കും ഒരുപൗരന്റെ നിയമപരിരക്ഷ നൽകണമെന്നും കോടതിയോട് അഭ്യർഥിച്ചു.
ജസ്റ്റിസ് വി.ജി. അരുൺ ബെഞ്ച് കേസ് ഫയലിൽ സ്വീകരിക്കവേ ജസ്റ്റിസ് വി.ജി. അരുൺ ഇടശ്ശേരിയുടെ ഭാരതപ്പുഴ കവിതയിലെ ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ വിഷയം വളരെ പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ടു. അശാസ്ത്രീയ നിർമിതികൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും പ്രളയത്തിന് കാരണമാകുമെന്നും കാണിച്ച് മുല്ലക്കര രത്‌നാകരൻ ചെയർമാനായ പരിസ്ഥിതികമ്മിറ്റി 2017 ഓഗസ്റ്റ് 23-ന് നിയമസഭയിൽ റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
പുഴയിൽ പുതിയ നിർമിതികൾ നടക്കുന്ന സാഹചര്യത്തിൽ, പുഴയുടെ സ്വാഭാവിക ധർമം നിറവേറ്റുന്നതിന് കഴിയാതെവരുന്ന സാഹചര്യമാണുള്ളതതെന്ന് കേസിൽ വ്യക്തമാക്കുന്നു. നിരവധി സർക്കാർ ഏജൻസികൾ പുഴയുടെ ഉടമകളായിട്ടുണ്ടെങ്കിലും സംരക്ഷണ പ്രവർത്തനങ്ങളിൽ കൂട്ടായ പരിശ്രമം കാണുന്നില്ല. ആനക്കര കൂട്ടക്കടവിലെ അശാസ്ത്രീയ നിർമിതിയെ പരാമർശിച്ചുകൊണ്ട് വിശദമായ പഠനറിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ നിരവധിതവണ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചെങ്കിലും കാര്യമായ ഇടപെടൽ കാണാത്തതിനാലാണ് കോടതിയെ സമീപിക്കേണ്ടിവന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ഭാരവാഹികൾ വ്യക്തമാക്കി
ന്യൂസീലൻഡ്, ഇക്വഡോർ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം 'റൈറ്റ്‌സ് ഓഫ് റിവേഴ്‌സ്, നേച്വർ' എന്ന തലക്കെട്ടിൽ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ മദ്രാസ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളും പരിസ്ഥിതിക്ക് പൗരന്റെ നിയമപരിരക്ഷ നൽകുന്ന വിധിപ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലും നിയമനിർമാണം വേണമെന്ന് ഹർജിയിൽ പറയുന്നു.
സംരക്ഷണ അതോറിറ്റി യാഥാർഥ്യമായില്ല
1992-ൽ പട്ടാമ്പിയിൽ കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച ഭാരതപ്പുഴ സംരക്ഷണപ്രവർത്തനം മുതൽ ചെറുതും വലുതുമായ നിരവധി സംഘടനകൾ ഉന്നയിച്ച ‘ഭാരതപ്പുഴ റിവർബേസിൻ അതോറിറ്റി’ എന്ന ആവശ്യം 30 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല.
ഈ നിലയിൽ സംരക്ഷണപ്രവർത്തനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവിലാണ് സമഗ്രമായ ഇടപെടലിനായി എഫ്.ഒ.ബി. കോടതിയെ സമീപിച്ചിട്ടുള്ളത്. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും നടപടി ആവശ്യമാണെന്നും കാണിച്ച് കോടതി കേസ് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയ്‌ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷക രമസ്മൃതി ഹാജരായി.