പൊന്നാനി : സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾക്ക് കൂച്ചുവിലങ്ങിടാൻ പൊലീസും തുറമുഖ വകുപ്പും..ഇനിമുതൽ രാത്രി ബോട്ട് സർവീസ് അനുവദിക്കില്ല. രാവിലെ 10 മുതൽ വൈകിട്ട് 6.15 വരെയാണ് അനുവദിച്ച സർവീസ് സമയം. അലങ്കാര ലൈറ്റുകളിട്ട് ഇരുട്ടിൽ ബോട്ട് സർവീസ് നടത്തുന്നത് അപകടകരമാണെന്നും ഇത് ശ്രദ്ധയിൽപെട്ടാൽ ബോട്ട് പിടിച്ചെടുക്കുമെന്നും തുറമുഖ വകുപ്പ് അറിയിച്ചു.
ഇന്നലെ കോഴിക്കോട് പോർട്ട് ഓഫിസർ അശ്വനി പ്രതാപിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം ചേർന്നു. പരമ്പരാഗത വള്ളങ്ങളിൽ മേൽക്കൂര കെട്ടി പുഴയിൽ യാത്രക്കാരെയും കൊണ്ട് സവാരി നടത്തുന്നത് പൂർണമായി തടയും.
ഇൻലാൻഡ് വെസൽ ആക്ട് പ്രകാരമുള്ള ലൈസൻസും ഹാർബർ ക്രാഫ്റ്റ് ലൈസൻസും ടൂറിസ്റ്റ് ബോട്ടുകൾക്ക് നിർബന്ധമാണ്. അടുത്ത ദിവസങ്ങളിൽ ലൈസൻസ് പരിശോധന നടക്കും.
തുറമുഖ വകുപ്പിന്റെ കണക്കനുസരിച്ച് 12 ടൂറിസ്റ്റ് ബോട്ടുകളാണ് പൊന്നാനിയിൽ സർവീസ് നടത്തുന്നത്.ഇതിൽ 5 ബോട്ടുകൾക്ക് മാത്രമാണ് ഹാർബർ ക്രാഫ്റ്റ് ലൈസൻസുള്ളത്. പുതിയ ബോട്ടുകൾക്ക് ഇനി ഉടൻ അനുമതി നൽകില്ല.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ബോട്ടുകാർ യാത്രക്കാർക്ക് ബോധവൽക്കരണം നൽകണം, നിർബന്ധമായി ലൈഫ് ജാക്കറ്റ് ധരിപ്പിക്കണം, ബോട്ടിന്റെ ഭാര ശേഷി, എൻജിൻ വിവരങ്ങൾ, ലൈസൻസ് എന്നിവ പരസ്യമായി പ്രദർശിപ്പിക്കണം.
യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സുരക്ഷിതമായ ജെട്ടി വേണം. താൽക്കാലികമായി കെട്ടിയുണ്ടാക്കിയിട്ടുള്ള ജെട്ടികൾ പലതും അപകട ഭീഷണി ഉയർത്തുന്നതാണ്. ഇവ പുതുക്കിപ്പണിയണം. നിയന്ത്രണങ്ങൾ മറികടന്ന് സർവീസ് നടത്തുന്ന ബോട്ടുകൾ പൊലീസ് സഹായത്തോടെ പിടിച്ചെടുക്കും.