കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരു കോടിയുടെ നവീകരണം ഉടൻ; ഇ.ടി.മുഹമ്മദ് ബഷീർ എം.പി


കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ നിർമാണം അടക്കമുള്ള വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു.

അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള ജോലികൾക്കായി ഒരുകോടി രൂപയാണ് അനുവദിച്ചത്. 2019ൽ അനുമതി ലഭിച്ച സ്റ്റേഷൻ നവീകരണം സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ച് എംപി റെയിൽവേ മന്ത്രിയുമായും ജനറൽ മാനേജരുമായും ചർച്ച നടത്തിയിരുന്നു. പദ്ധതിയുടെ ടെൻ‍ഡർ ഉടൻ തുറക്കും. ഒരുമാസത്തിനകം നിർമാണം ആരംഭിക്കും.ഒരുവർഷത്തിനകം ജോലി പൂർത്തീകരിക്കും.

സ്റ്റേഷനിലെ പ്രധാന കെട്ടിടം പൂർണമായും പുനർ നിർമിക്കും. ടിക്കറ്റ് കൗണ്ടർ അടക്കമുള്ളവ നവീകരിക്കും. യാത്രക്കാരുടെ വിശ്രമ കേന്ദ്രവും പുതുക്കും. റെയിൽവേ സ്റ്റേഷൻ പരിസരവും പാർക്കിങ് സ്ഥലവും വിപുലീകരിക്കുന്നുണ്ട്.

രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. നിലവിൽ 8 ഭാഗത്ത് മേൽക്കൂരകളുടെ നിർമാണം നടക്കുന്നുണ്ട്. ഇതിനോടകം അനുമതി ലഭിച്ച മേൽക്കൂരകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇതിനായി റെയിൽവേ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. 

സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലടക്കം പലഭാഗത്തും മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റാണ് ട്രെയിൻ കാത്തുനിൽക്കുന്നത്.

Below Post Ad