ദമ്പതികളുടെ മരണം വിവാഹ വീടിനെ കണ്ണീരിലാഴ്ത്തി | KNews

 

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. 

കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിൽ സർവിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.



ചേറ്റുവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച അഞ്ചങ്ങാടി സ്വദേശി മുനൈഫ് സഹോദരി ഷഫാനയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് വെള്ളിയാഴ്ച ദുബായില്‍നിന്ന് നാട്ടിലെത്തിയത്. മുംബൈ സ്വദേശിയായ ഭാര്യ സുവെബ ഒരാഴ്ച മുമ്പാണ് ഭര്‍തൃസഹോദരിയുടെ വിവാഹത്തിന് മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. 

അപകടത്തില്‍ ഇരുവരും മരിച്ച വിവരമറിഞ്ഞ് കല്യാണവീട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നു. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഗൾഫിലുള്ള മുനൈഫിന്‍റെ സഹോദരൻ അജ്മൽ ഞായറാഴ്ച വീട്ടിലെത്താനിരിക്കേയാണ് നാടിനെ നടുക്കിയ ദുഃഖ വാർത്തയുണ്ടായത്.

Below Post Ad