ഒറ്റപ്പാലം: അഴിക്കലപ്പറമ്പിൽ സുഹൃത്തിനെ കൊന്നുകുഴിച്ചുമൂടിയ കേസിൽ ഒറ്റപ്പാലം പോലീസ് കുറ്റപത്രം സമർപ്പിച്ചു. ലക്കിടി മംഗലം കേലത്തുവീട്ടിൽ ആഷിഖിനെ (24) കൊന്നുകുഴിച്ചുമൂടിയ കേസിലാണ് പോലീസ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അഴിക്കലപ്പറമ്പ് പാറയ്ക്കൽ മുഹമ്മദ് ഫിറോസ് (25), ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ സുഹൈൽ (22) എന്നിവരെയാണ് കേസിൽ പോലീസ് പ്രതിചേർത്തിട്ടുള്ളത്.
പട്ടാമ്പിയിൽനിന്ന് ഒരു മോഷണക്കേസിൽ ഫിറോസിനെ പിടികൂടി ചോദ്യംചെയ്യുമ്പോഴാണ് ആഷിഖിനെ കൊന്നുകുഴിച്ചുമൂടിയ വിവരം പുറത്തറിയുന്നത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തപക്ഷം ഇരുവർക്കും സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെയാണ് പോലീസ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ 87 സാക്ഷികളുണ്ടെന്നാണ് ഒറ്റപ്പാലം ഇൻസ്‌പെക്ടർ വി. ബാബുരാജൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
2021 ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പിൽവെച്ച് ലഹരിയിടപാടിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ആഷിഖിനെ ഫിറോസ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന്, ഫിറോസും സുഹൃത്ത് സുഹൈലും ചേർന്ന് മൃതദേഹം അഴിക്കലപ്പറമ്പിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് കേസ്.
രണ്ടുമാസത്തോളം ഈ വിവരം പുറത്തറിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോഷണക്കേസിലുൾപ്പെട്ട ഫിറോസ് പട്ടാമ്പി പോലീസിന്റെ പിടിയിലാകുന്നത്. തുടർന്ന്, ചോദ്യംചെയ്യുമ്പോഴാണ് ആഷിഖിനെ കൊന്നുകുഴിച്ചുമൂടിയെന്ന വിവരം പറയുന്നത്.
മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 15-ന് പോലീസ് അഴിക്കലപ്പറമ്പിൽ പരിശോധിക്കുകയും കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.പിന്നീടുനടത്തിയ അന്വേഷണത്തിൽ മൃതദേഹം കുഴിച്ചിടാൻ ഫിറോസിനെ സുഹൈൽ സഹായിച്ചിരുന്നുവെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.