ഗുരുവായൂരിലെ സ്വര്‍ണക്കവര്‍ച്ച;പ്രതി കുടുംബസമേതം താമസിച്ചിരുന്നത് എടപ്പാളിൽ


 ഗുരുവായൂരിലെ വീട്ടിൽനിന്ന് 371 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.എടപ്പാളിൽ കുടുംബസമേതം താമസിക്കുകയും കവർച്ചയ്ക്കുശേഷം ചണ്ഡീഗഢിലേക്ക് കടക്കുകയും ചെയ്ത ഇയാളുടെ പേരിൽ കഴിഞ്ഞ ഒരുകൊല്ലത്തിനിടെ മാത്രം ഇരുപതിലേറെ മോഷണക്കേസുകളുണ്ട്.

തമിഴ്നാട് സ്വദേശിയാണെങ്കിലും കാലങ്ങളായി ഇയാൾ കുടുംബസമേതം കേരളത്തിലാണ്. എടപ്പാളിൽ ഭാര്യയും രണ്ട് കുട്ടികളും ഭാര്യാമാതാവുമാണ് കൂടെയുള്ളത്. ഗുരുവായൂരിലെ കവർച്ചയ്ക്കുശേഷം ചണ്ഡീഗഢിലേക്ക് കടക്കുമ്പോൾ ഭാര്യയും ഒരു കുട്ടിയും കൂടെയുണ്ടായിരുന്നു.

ഏതാനും വർഷംമുമ്പ് തമിഴ്നാട്ടിലെ പുതുക്കോട്ട സ്റ്റേഷനിൽനിന്ന് തഞ്ചാവൂർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ തമിഴ്നാട് സ്വദേശി ധർമരാജി(26)നെയാണ് അറസ്റ്റ് ചെയ്തത്. 

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാത്രി ചണ്ഡീഗഢിൽനിന്നാണ് പ്രതിയെ പിടികൂടിയത്. അവിടെനിന്ന് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ചശേഷം തിങ്കളാഴ്ച ഉച്ചയോടെ ഗുരുവായൂർ സ്റ്റേഷനിൽ കൊണ്ടുവന്നു.

1,08,000 രൂപയും സ്വർണാഭരണങ്ങളിൽ ചിലതും കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം അന്വേഷണം നടത്തുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയും ഗുരുവായൂർ എ.സി.പി. കെ.ജി. സുരേഷും പത്രസമ്മേളനത്തിൽ അറിയിച്ചു. 

മേയ് 12-ന് രാത്രി ഗുരുവായൂർ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ വി.കെ. ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. 

വലതുകൈത്തണ്ടയിൽ പച്ചകുത്തിയതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഏപ്രിൽ 24-ന് അങ്കമാലി എളമക്കരയിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഗുരുവായൂരിലെത്തി കവർച്ച നടത്തിയത്. അതിനുശേഷം പലയിടങ്ങളിലും ഒറ്റയ്ക്കു താമസിച്ചു. പത്തൊമ്പതിനാണ് ചണ്ഡീഗഢിലേക്ക് പോയത്. 

തിരുച്ചിറപ്പള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിലെ ധർമരാജ് 16-ാം വയസ്സുമുതൽ മോഷണം 'തൊഴിലായി' സ്വീകരിച്ചതാണ്. കവർച്ച നടന്ന വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം റിമാൻഡ് ചെയ്തു.

Below Post Ad