ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് ഹൈക്കോടതി | KNews



കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാനും കോടതി അനുവദിച്ചു.

തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടതിയിൽ ഹർജി നൽകിയത്. 

പ്രായപൂർത്തിയായവർക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങൾക്കൊപ്പം നിൽക്കണമെന്നും ആദില ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്.

Tags

Below Post Ad