ഷവർമ വില്പന കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം | K News



കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം. 

സംസ്ഥാനത്തെ ഷവർമ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണർ വി.ആർ. വിനോദ് നിർദേശം നൽകിയത്. ഷവർമ വിൽക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയിന്റ് എന്ന കൂൾബാറിന്റെ ഉടമ. ഇദ്ദേഹം നിലവിൽ വിദേശത്താണെന്നാണ് വിവരം. 

കേസിൽ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ അനക്സിനെയും ഷവർമയുണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാർട്ണറും പോലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും പോലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തിൽ പരിശോധന നടത്തി.

ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തിൽ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപവത്കരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് കുട്ടികളും നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് എ.വി. സ്മാരക ഹൈസ്കൂളിലും പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം വെള്ളൂരിലായിരിക്കും സംസ്കാരം.

Tags

Below Post Ad