പട്ടാമ്പി: മഴയ്ക്കുമുമ്പായി പട്ടാമ്പി പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി. 13 ലക്ഷം രൂപ ചെലവിലാണ് പാലം ബലപ്പെടുത്തുന്ന ജോലിക്ക് തുടക്കമായിട്ടുള്ളത്. മഴക്കാലത്തിനുമുമ്പ് പ്രവൃത്തി പൂർത്തീകരിക്കും. രണ്ട് പ്രളയത്തിനുശേഷം ബലക്കുറവ് നേരിടുന്ന പട്ടാമ്പി പാലത്തിന്റെ അടിവശത്താണ് പണി നടത്തുന്നത്.
പാലത്തിന്റെ അടിഭാഗത്തെ അടർന്നുപോയ കോൺക്രീറ്റ് പാളികൾ പുനഃസ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് പാലംവിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി. വീപ്പകൾ കൊണ്ട് ഉയരമുള്ള ചങ്ങാടമുണ്ടാക്കിയാണ് തൊഴിലാളികൾ പാലത്തിന് താഴ്ഭാഗത്ത് പ്രവൃത്തി നടത്തുന്നത്. പട്ടാമ്പി ഭാഗത്ത് ആദ്യ നാല് സ്പാനുകളുടെ അറ്റകുറ്റപ്പണി 2020 ഡിസംബറിൽ നടത്തിയിരുന്നു. ബാക്കിയുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്.
മിക്കയിടങ്ങളിലും കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തുവന്ന സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പട്ടാമ്പിപാലം കവിഞ്ഞാണ് പുഴയൊഴുകിയത്. കൈവരികളടക്കം ഒലിച്ചു പോയിരുന്നു. കൈവരികൾ പുനഃസ്ഥാപിച്ചശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ആദ്യഘട്ട ബലപ്പെടുത്തൽ പ്രവൃത്തിയും പ്രളയത്തിനുശേഷം നടത്തിയിട്ടുണ്ട്.
ഇരുവശത്തും അപ്രോച്ച് റോഡിനോടുചേർന്ന് കോൺക്രീറ്റ് മതിലുകൾകെട്ടി സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലത്തിനായുള്ള സർവേ നടപടികളും പുരോഗമിക്കുന്നുണ്ട്.
പുതിയപാലത്തിനായി ഇനിയും കാത്തിരിക്കണമെന്നതിനാൽ പഴയ പാലം ബലപ്പെടുത്തി സുരക്ഷയൊരുക്കേണ്ടത് ആവശ്യമാണ്.