വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടു വരികയായിരുന്ന ഹാർപിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.
കർണ്ണാടക രജിസ്ട്രഷൻ ലോറിയിൽ സൂറത്തിൽ നിർമ്മിച്ച ഇവയെല്ലാം ഇവിടേക്ക് എത്തിച്ചതാണെന്നാണ് റിപ്പോർട്ട്. 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്.
കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പൊലീസ് ലോറി പിടികൂടുകയായിരുന്നു.
സൂറത്ത് സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ സക്കീർ അഹമ്മദ് നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറി പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.