ആലൂരിലെ അമ്മക്കും മകനും ഇനി തെരുവോരത്ത് അന്തിയുറങ്ങേണ്ടി വരില്ല; എം.ബി.രാജേഷ്


ആലൂരിലെ അമ്മക്കും മകനും ഇനി തെരുവോരത്ത് അന്തിയുറങ്ങേണ്ടി വരില്ല.സ്പീക്കർ എം.രാജേഷിന്റെ ഇടപെടൽ മൂലം പുതുജീവൻ. പട്ടിത്തറയിലെ ആലൂര്‍ അങ്ങാടിയില്‍  ഒരു യുവതിയും മകനും അലഞ്ഞുതിരിയുന്ന വിവരം കുറച്ചു  ദിവസങ്ങൾക്കു  മുമ്പാണ് അവിടത്തെ പൊതുപ്രവർത്തകര്‍  സ്പീക്കർ എം.ബി രാജേഷിനെ അറിയിച്ചത്. 

മാനസിക വിഭ്രാന്തി മൂലം,  മകനൊപ്പം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആ അമ്മ പലപ്പോഴും പീടിക തിണ്ണകളിലാണ് ഉറങ്ങിയിരുന്നത്. പങ്കാളിയാല്‍ ഉപേക്ഷിക്കപ്പെട്ട ആ യുവതിയെ ഏതെങ്കിലും മാനസികരോഗ കേന്ദ്രത്തിലാക്കി മതിയായ ചികിത്സ നൽകുക  എന്നതായിരുന്നു നാട്ടുകാരുടെ  ആദ്യ ആവശ്യം. തുടർന്ന് സ്പീക്കറുടെ ഓഫീസ് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും  യുവതിയെ തിരൂരിലെ വെട്ടം സർക്കാർ  മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടാക്കുകയും  ചെയ്തു.  

മകന്റെ  സംരക്ഷണം ആര് ഏറ്റെടുക്കും എന്നതായി അടുത്ത പ്രശ്നം. കുട്ടിയുടെ ബന്ധുവിനെ കണ്ടെത്തുകയും അവന്റെ പഠനം തുടരുന്നതിന് സാധ്യമായത് എല്ലാം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്   തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ മോഡല്‍ റസിഡന്‍‍ഷ്യല്‍ സ്ക്കൂള്‍‍ അധികൃതരുമായി സംസാരിച്ചു. സ്ക്കൂള്‍ പ്രിൻസിപ്പാളും വകുപ്പ് മേധാവിയും തുറന്ന മനസ്സോടെ മകനെ  അവരുടെ കുട്ടികളില്‍‍ ഒരാളായി ഏറ്റെടുക്കുകയും ചെയ്തു. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ  ദിനമായ  ഇന്നു  തന്നെ മകന് എട്ടാം ക്ലാസ് വിദ്യാർഥിയായി പുതു ജീവിതം തുടങ്ങാനായി 

ഈ സൽപ്രവൃത്തിക്ക് കാരണക്കാരായ  സുമനസ്സുകളെ സ്പീക്കർ അഭിനന്ദിച്ചു. . വിവരം അറിയിച്ചയുടന്‍ തന്നെ ഈ വിഷയത്തില്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ ഔദ്യോഗിക തലത്തില്‍ ഏകോപിപ്പിച്ച  പേഴ്സണല്‍ അസിസ്റ്റന്റ് കെ. വി. സുബ്രഹ്മണ്യന്‍,  ആലൂരിലെ യുവജന വായനശാലാ  പ്രവർത്തകരായ വി. പി. ജയപ്രകാശ്, എം. ടി. ഉമ്മര്‍, റാഫി, ഫൈസല്‍,  ആലൂരിലെ വ്യാപാരി വ്യവസായികള്‍, നന്മ കൂട്ടായ്മയുടെയും ജിംഖാന ക്ലബ്ബിന്റെയും പ്രവര്‍‍ത്തകര്‍ , പ്രദേശത്തെ ഓട്ടോ ഡ്രൈവർമാര്‍  തുടങ്ങിയവരെ  പ്രത്യേകമായി സ്പീക്കർ എം .ബി രാജേഷ് അഭിനന്ദിച്ചു 


Below Post Ad