യൂസർമാർ ഏറെ കാത്തിരുന്ന ഒരു കിടിലൻ ഫീച്ചർ കൂടി വാട്സ്ആപ്പിലേക്ക് വരാൻ പോകുന്നതായി റിപ്പോർട്ട്. അയച്ചുകഴിഞ്ഞ സന്ദേശത്തിൽ തിരുത്ത് വരുത്താൻ അനുവദിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിലേക്ക് എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്യുന്നത് പോലുള്ള പുതിയ സവിശേഷതയെ കുറിച്ച് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ''അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സവിശേഷതയുടെ പരീക്ഷണം വാട്ട്‌സ്ആപ്പ് ആരംഭിച്ചു. ഈ രീതിയിൽ, നിങ്ങൾക്ക് അക്ഷരത്തെറ്റുകൾ തിരുത്താനോ അല്ലെങ്കിൽ ആവശ്യമെങ്കിൽ സന്ദേശം പൂർണ്ണമായും മാറ്റാനോ കഴിയും''. - അവർ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
എഡിറ്റ് ഓപ്ഷൻ എങ്ങനെ പ്രവർത്തിക്കുമെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ എഡിറ്റ് ഓപ്ഷൻ ദൃശ്യമാകുമെന്നാണ് അത് സൂചിപ്പിക്കുന്നത്.
അതേസമയം സന്ദേശത്തിന്റെ എഡിറ്റുചെയ്ത പതിപ്പുകൾ കാണുന്നതിന് എഡിറ്റ് ഹിസ്റ്ററി ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ, സവിശേഷതയുടെ അവസാന പതിപ്പിൽ ഇത് ഉൾപ്പെടുത്തിയേക്കാമെന്നും സൂചനയുണ്ട്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആപ്പിലേക്ക് എത്താനായി ദിവസങ്ങൾ എടുത്തേക്കും.