വാഹനങ്ങളിലെ ബാറ്ററി മോഷണം; കുന്നംകുളത്ത് നാലുപേർ പിടിയിൽ |KNews


 കുന്നംകുളം: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിലെ നാലു പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ വീട്ടനാട്ടയിൽ വീട്ടിൽ 41 വയസ്സുള്ള റഫീഖ്, പെരുമ്പിലാവ് പുഞ്ചിരി കടവ് കോക്കനാട്ടിൽ വീട്ടിൽ 32 വയസ്സുള്ള കുട്ടു എന്ന കബീർ, ഒറ്റപ്പാലം ചുനങ്ങാട് നാലകത്ത് വീട്ടിൽ 45 വയസ്സുള്ള ഹംസ, കടവല്ലൂർ കൂത്താളി കുന്ന് നായാട്ടു വളപ്പിൽവീട്ടിൽ 40 വയസ്സുള്ള നിഷാദ് എന്നിവരെയാണ്

കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി. സി സൂരജ്,പ്രിൻസിപ്പൽ എസ് ഐ ഡി.ശ്രീജിത്ത്, ജൂനിയർ എസ് ഐ നിധിൻ, സിപിഒ ജ്യോതിഷ് കുമാർ, അനൂപ്, സജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ മത്സ്യമാർക്കറ്റിൽ നിന്നും വിതരണത്തിനായി മത്സ്യം കൊണ്ടുപോകുന്ന ഇൻസുലേറ്റർ വാഹനങ്ങൾ മത്സ്യ വിതരണം കഴിഞ്ഞ് യേശുദാസ് റോഡിൽ നിർത്തിയിട്ട സമയത്താണ് 42000 രൂപയോളം വിലവരുന്ന നാല് ബാറ്ററികൾ രാവിലെ എട്ടരയ്ക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ മോഷണം പോയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോയിലാണ് ബാറ്ററി കടത്തിക്കൊണ്ടുപോയ തെന്ന് തിരിച്ചറിഞ്ഞു. ഈ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പിലാവ്, തിപ്പിലശ്ശേരി, ചങ്ങരംകുളം എന്നീ മേഖലകളിലാണ് ബാറ്ററി വിൽക്കാൻ ശ്രമിച്ചത്.

Below Post Ad