കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.
സംഭവത്തെ തുടർന്ന് രക്ഷിതാവായ ശൂരനാട് സ്വദേശി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. പരീക്ഷക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് അടിവസ്ത്രങ്ങൾ കൂട്ടിയിട്ടതെന്നും രക്ഷിതാവ് പരാതിയിൽ പറഞ്ഞു.
അതേസമയം, വിഷയത്തിൽ നടപടി കൈക്കൊള്ളുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. രേടാമൂലം വിഷയം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷനും പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് അധ്യാപകർ.
ജൂലൈ 18, 2022