കൂറ്റനാട് : തൃത്താല നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി -'എൻലൈറ്റ്' ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് മന്ത്രിവി.ശിവൻകുട്ടി നിർവഹിക്കും
കൂറ്റനാട്:തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എൻലൈറ്റ് (ENLITE -empowering and enlighting thrithal's education) ന്റെ ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ENLITE( empowering and enlighting thrithal's education.തൃത്താലയുടെ വിദ്യാഭ്യാസ രംഗത്ത് പ്രാഥമികതലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലയിൽ അക്കാദമികവും ഭൗതികവുമായ ഉന്നതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
വട്ടേനാട് എല്‍.പി. സ്കൂളിലെ തൃത്താല ബ്ലോക്ക് റിസോഴ്സ് സെന്ററിലാണ് പത്രസമ്മേളനം നടന്നത്.
പ്രീ പ്രൈമറിതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്ഥാപനങ്ങൾക്ക് പുറത്തുള്ള സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
തൃത്താലയിലെ വിദ്യാർഥികളുടെ അക്കാദമിക രംഗത്തെയും സ്ഥാപനങ്ങളുടെ ഭൗതികസൗകര്യങ്ങളെയും മെച്ചപ്പെടുത്തുന്നതിന് പദ്ധതി ഊന്നൽ നൽകുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രഡിക്ട് - ജനകീയ സ്കോളർഷിപ്പ് പദ്ധതി, പ്രതിഭകളുമായി മുഖാമുഖങ്ങൾ, പോസിറ്റീവ് പാരന്റിംഗ് പരിശീലനം, പ്രൊജക്റ്റ് ഗണിതം, TOYS (തിങ്ക് ഔട്ട് ഓഫ് യുവർ സിലബസ്) ഹയർ സ്റ്റഡീസ് എക്സ്പോ, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
എല്ലാ ഹൈസ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും. ഇതോടൊപ്പം നീന്തൽ പരിശീലനം, സൈക്കിൾ ക്ലബ്ബുകൾ വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുമെന്നും സ്പീക്കർ അറിയിച്ചു
വരും ദിവസങ്ങളിൽ ആരോഗ്യ-വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകും
പത്രസമ്മേളനത്തിൽ തൃത്താല മണ്ഡലത്തിലെ വരും ദിവസങ്ങളിൽ നടത്തുന്ന തുടർ പ്രവർത്തനങ്ങളും സ്പീക്കർ വിശദീകരിച്ചു.തൃത്താലയിൽ ആരംഭിക്കാനിരിക്കുന്ന ആയുർവേദ പാർക്കിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഓഗസ്റ്റ് രണ്ടിന് വ്യവസായം മന്ത്രിയും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരും തൃത്താലയിലെത്തി,കൂറ്റനാട് അഷ്ടാംഗത്തിൽ ചർച്ച നടത്തും. ആയുർവേദ രംഗത്തെ വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും.
യുവാക്കൾക്ക് തൊഴിലുറപ്പുവരുത്തുന്നതിന് വേണ്ടി വ്യവസായ വകുപ്പ് നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഓഗസ്റ്റ് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി നിർവഹിക്കും.
ഓഗസ്റ്റ് അഞ്ചിന് തിരിമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്വകാര്യവ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നും മണ്ഡലത്തിൽ തുടർ ദിവസങ്ങളിൽ വിവിധ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾ വിശദീകരിച്ചുകൊണ്ട് സ്പീക്കർ അറിയിച്ചു .
തൃത്താല നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അധ്യക്ഷനാകും.
ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പദ്ധതി രേഖ പ്രകാശനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വട്ടേനാട് എല്‍.പി. സ്കൂളിലെ തൃത്താല ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നടന്ന പത്രസമ്മേളനത്തിൽ സംഘാടക സമിതി കൺവീനറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ വി.പി റജീന, വർക്കിംഗ് ഗ്രൂപ്പ് കൺവീനർ കെ.രാമചന്ദ്രൻ, ടി.പി മുഹമ്മദ് മാസ്റ്റർ, കെ.എ ബാബു നാസർ, കെ.പ്രസാദ് എന്നിവർ പങ്കെടുത്തു.