തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച മുതൽ. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 18 വരെ അപേക്ഷ സ്വീകരിക്കും.
ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്തുള്ള ഒരൊറ്റ അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ സമർപ്പിക്കാം. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
ഓൺലൈനിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്തവർക്ക് പഠിച്ച സ്കൂളിലെയോ ജില്ലയിലെ ഏതെങ്കിലും സർക്കാർ-എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും തേടാം. എല്ലാ സ്കൂളിലും ഹെൽപ് ഡെസ്കുകളുണ്ടാവും.
21ന് ട്രയൽ അലോട്ട്മെന്‍റ് നടക്കും. 27നാണ് ആദ്യ അലോട്ട്മെന്‍റ്. ആഗസ്റ്റ് 11നാവും അവസാന അലോട്ട്മെന്‍റ്. ആഗസ്റ്റ് 17ഓടെ ക്ലാസുകൾ തുടങ്ങും. പ്രവേശന നടപടികൾ സെപ്റ്റംബർ 30നു പൂർത്തിയാക്കും.