ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പോക്കറ്റടി സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
നിരവധി കേസുകളിൽ പ്രതികളായ വെളിയംകോട് സ്വദേശി ഹനീഫ, ഫാറൂക്ക് എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പേഴ്സ് കവർന്ന സംഘം ചങ്ങരംകുളത്ത് ഇറങ്ങുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി ബഹളം വച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സംഘത്തെ കസ്റ്റഡിയിൽ എടുത്തു.
സ്വകാര്യ ബസ്സുകളിൽ സ്ഥിരം പോക്കറ്റടി നടത്തുന്നവരാണ് സംഘമെന്നും സമാനമായ നിരവധി കേസുകളിൽ ഇവർ പിടിയിലായിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു.