തൃത്താല: ഭാരതപ്പുഴയുടെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കൽനടപടി റവന്യൂവകുപ്പധികൃതർ തുടങ്ങി.
പട്ടിത്തറ വില്ലേജിൽപ്പെടുന്ന 10 വീടുകളാണ് പൊളിച്ചുനീക്കുന്നത്. പ്രളയകാലത്ത് ഈ വീടുകൾ പൂർണമായും വെള്ളത്തിൽമുങ്ങി നശിച്ചിരുന്നു. തുടർന്ന്, പട്ടാമ്പി താലൂക്ക് റവന്യൂ അധികൃതരുടെ ഇടപെടലിൽ ഇവർക്ക് ഭൂമിവാങ്ങി വീടുവെക്കാൻ ധനസഹായം അനുവദിച്ചിരുന്നു. 10 കുടുംബങ്ങൾക്ക് ആറുലക്ഷംരൂപ സ്ഥലംവാങ്ങാനും നാലുലക്ഷംരൂപ വീട് നിർമാണത്തിനുമാണ് അനുവദിച്ചത്.
വീട് നിർമാണം പൂർത്തിയായിട്ടും പുറമ്പോക്കുഭൂമി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കൽനടപടി തുടങ്ങിയതെന്ന് പട്ടാമ്പി താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.
ഭൂമി വിട്ടൊഴിയുന്നവർ പുറമ്പോക്ക് ഭൂമി രഹസ്യമായി വില്പന നടത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇത് തടയുക ലക്ഷ്യമാണെന്നും ഭൂമി ഒഴിപ്പിക്കാനെത്തിയ റവന്യൂ അധികൃതർ അറിയിച്ചു.
തൃത്താല ചിറ്റപ്പുറം പാലത്തോടുചേർന്നാണ് പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി ഇവർ വീടുവെച്ച് താമസിച്ചിരുന്നത്. 2018-ലും 2019-ലുമുണ്ടായ പ്രളയങ്ങളിൽ ഈ വീടുകളും മുങ്ങി നശിച്ചിരുന്നു. തുടർന്നാണ് സർക്കാരിൽനിന്നും ധനസഹായം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഒഴിപ്പിക്കൽനടപടി തുടങ്ങി. ജെ.സി.ബി. ഉപയോഗിച്ചാണ് നടപടി പുരോഗമിക്കുന്നത്.
പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖാ തഹസിൽദാർ ഗിരിജാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടത്തുന്നത്.