പുതിയ ഐഫോണ്‍ പുറത്തിറക്കുന്ന ദിവസം പ്രഖ്യാപിച്ച് ആപ്പിള്‍. സെപ്തംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ പതിപ്പുകള്‍ പുറത്തിറക്കുക എന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ദിവസം പറഞ്ഞിരുന്നില്ല. ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഈവന്‍റ് ക്ഷണപ്രകാരം സെപ്തംബര്‍ 7ന് ആപ്പിള്‍ ഐഫോണ്‍ 14 പുറത്തിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും ഈവന്‍റ് തുടങ്ങുക. അതായത് കേരളം ഓണം ആഘോഷിക്കുന്നതിന് താലേദിവസം എന്ന് പറയാം.
ഐഫോണ്‍ 14 പുറത്തിറങ്ങുന്നത് ആപ്പിള്‍.കോം, ആപ്പിള്‍ ടിവി ആപ്പ് എന്നിവയില്‍ തല്‍സമയം കാണാനും സൌകര്യമുണ്ട്. സാധാരണ പോലെ ഏത് ഉപകരണമാണ് ഈവന്‍റില്‍ പുറത്തിറക്കുക എന്നത് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആപ്പിള്‍ ഐഫോണ്‍ ആണ് എന്നത് ഏതാണ്ട് ഉറപ്പാണ്. ഇതിനൊപ്പം മറ്റ് ചില ആപ്പിള്‍ ഉപകരണങ്ങളും ടെക് ലോകം പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനകം തന്നെ ആപ്പിള്‍ ഐഫോണ്‍ 14 സീരിസ് സംബന്ധിച്ച് അനവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചു കഴിഞ്ഞു. ആപ്പിൾ അതിന്റെ അടുത്ത ഐഫോണ്‍ ഇറക്കും മുന്‍പേ അതിന്‍റെ പ്രത്യേകതകള്‍ പതിവ് പോലെ ഔദ്യോഗികമായി പുറത്തുവിടില്ല. പുതിയ മുൻനിര സ്മാര്‍ട്ട് ഫോണുകളോട് മത്സരിക്കാന് ആപ്പിൾ ഐഫോൺ 14 സീരീസിൽ രണ്ടോ മൂന്നോ പുതിയ സവിശേഷതകൾ ചേർക്കാൻ സാധ്യതയുണ്ടെന്നാണ് ആപ്പിളിന്‍റെ ഉള്ളില്‍ നിന്നും ലഭിക്കുന്ന സൂചന.
ഈ ഫീച്ചറുകളുടെ 'എക്‌സ്‌ക്ലൂസിവിറ്റി' ഐഫോണ്‍ 14 സീരിസിന്‍റെ മൊത്തത്തിലുള്ള ആകർഷണം വർദ്ധിപ്പിക്കുന്നു, ഇത് വിപണിയും പ്രീസെയില്‍ പ്രമോഷനും വിശാലമാക്കാൻ ആപ്പിളിനെ സഹായിക്കുന്നു. ഇത്തരത്തിലെ ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.