കുറ്റിപ്പുറം: എല്ലാ ബസ് സ്റ്റാൻഡുകളും കാലത്തിനൊത്ത് വികസിക്കുമ്പോൾ കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മാത്രം വികസനമില്ല. 3 ജില്ലകളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർ എത്തുന്ന കുറ്റിപ്പുറം സ്റ്റാൻഡിൽ അടിസ്ഥാന വികസനം പോലും യഥാസമയത്ത് സാധ്യമാക്കാൻ അധികൃതർക്കായിട്ടില്ല.
കാര്യക്ഷമമായി പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനോ യാത്രക്കാർക്ക് സൗകര്യപ്രദമായി കാത്തിരിക്കാനുള്ള വിശ്രമ കേന്ദ്രമോ കുറ്റിപ്പുറത്തിനു അന്യമാണ്.
ഇത്തരം പോരായ്മകൾ വർഷങ്ങളായി നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഏതാനും വർഷം മുൻപ് ബസ് സ്റ്റാൻഡ് വികസനം എന്ന ആശയം പഞ്ചായത്തിന് തോന്നിയത്. നാലുവർഷം മുൻപ് എംഎൽഎ ഫണ്ട് അടക്കം ഉപയോഗിച്ച് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ ടെൻഡർ നൽകിയെങ്കിലും നടന്നില്ല
നിലവിലെ ഭരണസമിതി പുതിയ പദ്ധതി തയാറാക്കിയെങ്കിലും അതും നീണ്ടുപോകുകയാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിനും അതിനോട് ചേർന്ന് വലിയ വ്യാപാര സമുച്ചയത്തിനും ഭരണസമിതി തീരുമാനമെടുത്ത് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുള്ള ഡിപിആർ തയാറാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ സമീപിച്ചെങ്കിലും ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല.
സൊസൈറ്റി അധികൃതർ സ്ഥലം
സന്ദർശിച്ചെങ്കിലും ഡിപിആർ തയാറാക്കാനുള്ള കരാർ തുകയിൽ തീരുമാനമാകാതെ നീണ്ടുപോകുകയാണ്. ഡിപിആർ തയാറായാൽ വിവിധ ഏജൻസികളിൽ നിന്ന് വായ്പയെടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന ബസ് സ്റ്റാൻഡാണ് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത്