ത്രിവർണ്ണ പതാകയ്ക്ക് ആവശ്യക്കാർ ഏറെ ; വിപണിയിൽ വൻ ഡിമാൻ്റ്


 രാജ്യത്താകമാനം 75-മത്  സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം ത്രിവർണ്ണ പതാക വീടുകളിൽ കെട്ടണമെന്ന് നിർദ്ദേശം ഉള്ളതിനാൽ  ത്രിവർണ്ണ പതാകക്ക് വിപണിയിൽ ആവശ്യക്കാർ ഏറെ.

സ്വാതന്ത്ര ദിനത്തിന് മൂന്ന് ദിവസം മുമ്പ് രാജ്യത്തൊട്ടാകെ ത്രിവർണ്ണ പതാക ഉയർത്തണമെന്നാണ് കേന്ദ്ര-സംസ്ഥാനങ്ങളുടെ നിർദ്ദേശം.ഇതിന്റെ ഭാഗമായുള്ള തുണി കൊണ്ടുള്ള ത്രിവർണ്ണ പതാക നിർമ്മിക്കുന്നവർ ഭൂരിഭാഗം പേരും ജൂലായ് മാസം പകുതിയോടെ മൊത്തം വിപണിയിൽ എത്തിച്ചു കഴിഞ്ഞു.

തുണിയുടെ വില വർദ്ധനവും, അടിച്ച് കിട്ടാനുള്ള താമസം, അശോക ചക്രം സ്ക്രീൻ പ്രിന്റ് ചെയ്ത് ഉണങ്ങാനുള്ള താമസം എന്നിവ മൂലം കൊടി നിർമ്മിച്ച് വിൽപന നടത്തുന്നവർ പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ വിപണിയിൽ തുണി കൊണ്ടുള്ള ത്രിവർണ്ണ പതാകക്ക് ആവശ്യക്കാരേറി.

കേരളത്തിൽ നിന്നുള്ള പതാകയുടെ പുതിയ ഓർഡറുകൾ തിരുപ്പൂർ, ബാംഗ്ലൂർ നഗരങ്ങളിലെ നിർമ്മാണ കമ്പനികൾ ഓർഡർ സ്വീകരിക്കാത്തതും വിപണിയിൽ വൻ ഡിമാന്റിന് കാരണമായി.

തപാൽ വകുപ്പ് വഴി പതാകകൾ വിൽപന നടത്തുന്നുണ്ടെങ്കിലും അവ തികയാതെ വരുമെന്നാണ് കരുതുന്നത്. അതിനാൽ വിപണിയിൽ വിലയും കൂടുന്നുണ്ട്.പ്ലാസ്റ്റിക് നിരോധനം മൂലം ഇത്തവണ ഭൂരിഭാഗം സ്വതന്ത്രദിന അലങ്കാരങ്ങളെല്ലാം  പേപ്പർ, തുണി എന്നിവയിലേക്ക് മാറിയിട്ടുണ്ട്.


വിദ്യാർത്ഥികൾ കൂടുതലായി ഉപയോഗിക്കുന്ന ചെറിയ തരം പതാകകൾ പ്ലാസ്റ്റിക് സ്‌ട്രോയിൽ നിന്ന്  പേപ്പറിലേക്ക് മാറി. പേപ്പർ സ്ട്രോ കിട്ടാനില്ലാത്തതും  ചെറിയ ത്രിവർണ്ണ പതാക നിർമ്മാണം മന്ദഗതിയിലാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി കുന്നംകുളത്ത് നിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് നിരവധി പതാകകളും മറ്റും കൊണ്ടു പോയിട്ടുണ്ട്.

2018, 2019 വർഷം പ്രളയ സാഹചര്യത്തിലും 2020,2021 കോവിഡ് പ്രതിസന്ധിയും കാരണം സ്വതന്ത്ര്യ ദിനത്തിന് വിപണിയിൽ കാര്യമായ കച്ചവടം നടന്നില്ല. മഴക്കെടുതി ഭീഷണി ചെറുകിട  കച്ചവടക്കാർക്ക് ആശങ്കയാക്കിയിട്ടുണ്ട്.
ചെറുകിട കടകളിൽ മഴ മൂലം അലങ്കാരങ്ങളെല്ലാം കടയുടെ അകത്ത് തന്നെയാണ് ഡിസ്പ്ലേ ചെയ്യുന്നത്.

തുണി കൊണ്ടുള്ള അരങ്ങ്, പൂ തോരണം, പേപ്പർ-തുണി തൊപ്പികൾ, കൈകളിൽ കെട്ടുന്ന ബാൻ്റുകൾ തുടങ്ങി വിവിധ അലങ്കാരങ്ങൾ കടകളിലെത്തി.

1997 ൽ  സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വിപുലമായിരുന്നു. അത്തരത്തിൽ  ഇത്തവണ ആഘോഷം മനോഹരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപര സമൂഹം.

Below Post Ad