ഷൊർണൂർ: കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിപ്പാറ സ്വദേശികളായ ശശിയും ബന്ധുക്കളായ ആറുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുമിറ്റക്കോട് പുളിക്കൽ തോട്ടത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ പ്രശാന്താണ് (അനു-36) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മരിച്ച പ്രശാന്തിന്റെ മൃതദേഹപരിശോധനയ്ക്കുശേഷം ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടികളെടുക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
മരണകാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്നും എസ്.എച്ച്.ഒ.പി.എം. ഗോപകുമാർ പറഞ്ഞു.
തിങ്കളാഴ്ചരാവിലെ കോഴിപ്പാറയിലെ കൃഷിസ്ഥലത്തെത്തിയ പ്രശാന്തിനെ ശശിയും ബന്ധുക്കളും ചേർന്ന് മർദിച്ചു എന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ചുവിടുന്ന സംഭവവുമായി ബന്ധപ്പെട്ട് ശശിയും പ്രശാന്തുമായി തർക്കവും പ്രശ്നങ്ങളും ഉണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് തിങ്കളാഴ്ചത്തെ സംഭവത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. ഭാര്യ: വെവെഹാൻ. മകൾ: ഹിമ. അമ്മ: വിനോദിനി. സഹോദരങ്ങൾ: പ്രവീൺ, ആരതി
തിരുമിറ്റക്കോട് സ്വദേശി അടിയേറ്റ് മരിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ
ഓഗസ്റ്റ് 24, 2022
Tags