തൃത്താല: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകസംഘം കടകളിൽ പരിശോധന നടത്തി.നിരോധിത പ്ലാസ്‌റ്റിക് കണ്ടെടുത്ത കടകളിലെ ഉടമകൾക്ക് പിഴ ചുമത്തി.
തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എ. താജുദ്ദീന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പി. സുനിൽ കുമാർ, വി.ഇ.ഒ. പ്രദീപ്, സി. ബിബിൻ, ദിപിൻ, ബാലൻ എന്നിവരുണ്ടായിരുന്നു.
നിരോധിത പ്ലാസ്റ്റിക്കിന്റെ പേരിൽ ദ്രോഹിക്കരുതെന്ന് വ്യാപാരികൾ
ഓണവിപണിക്ക് വിഘാതം സൃഷ്ടിക്കുന്ന സമീപനമാണ് തൃത്താലമേഖലയിൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടേതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തൃത്താല മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്ലാസ്റ്റിക് കവറുകളുടെ പേരിൽ കടയുടമകൾക്ക് പിഴചുമത്തി കേസെടുക്കുന്ന ഉദ്യോഗസ്ഥ സമീപനം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് നിരോധനത്തിന് കച്ചവടക്കാർ എതിരല്ലെന്നും അധികൃതർ ബദൽമാർഗമൊരുക്കി സഹായിക്കേണ്ടതിനുപകരം കേസെടുത്ത് ദ്രോഹിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി മുജീബ്റഹ്മാൻ അധ്യക്ഷനായി. ഖജാൻജി കരീം, രവീന്ദ്രൻ പടിഞ്ഞാറങ്ങാടി, കെ.വി. മുസ്തഫ, പി.എം. അബ്ദുൾ കരീം കുമ്പിടി എന്നിവർ സംസാരിച്ചു.
തൃത്താല കടകളിൽ പരിശോധന നടത്തി പിഴ ചുമത്തി | KNews
ഓഗസ്റ്റ് 25, 2022
Tags