പ്ലസ് ടൂ ക്ലാസിൽ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാൽ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല


 

പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടുത്തണമെന്ന ആവശ്യം നാളുകൾക്ക് മുമ്പുതന്നെ ഉയർന്ന് കേൾക്കുന്നതാണ്. 

ഈ ആശയത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ് കേരള സർക്കാർ. ഇതിന്റെ ഭാഗമായി ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിപ്പിക്കാൻ പുസ്തകം  പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.


18 വയസാണ് കേരളത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഭൂരിഭാഗം ആളുകലും ലൈസൻസ് എടുക്കാൻ എത്തുന്നത്. ഇത് പരിഗണിച്ചാണ് ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ മോട്ടോർ വാഹന നിയമങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി. 

ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതയിൽ ഉൾപ്പെടുത്തുന്ന സംവിധാനം രാജ്യത്ത് ഇതാദ്യമാണെന്നാണ് വിലയിരുത്തലുകൾ. ഇതിനുപുറമെ, ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും.

റോഡ് നിയമങ്ങൾ, റോഡിലേയും മറ്റും മാർക്കിങ്ങുകൾ, റോഡരികിൽ നൽകിയിട്ടുള്ള സൈനുകൾ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും റോഡ് സുരക്ഷ സംവിധാനങ്ങൾ തുടങ്ങി മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ടവയാണ് പാഠ്യപദ്ധതിയിൽ പ്രധാനമായും നൽകിയിട്ടുള്ളത്. ഇതിനൊപ്പം ലൈസൻസ് എടക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സമഗ്രമായി പഠ്യഭാഗത്ത് ഒരുക്കിയിട്ടുണ്ട്.

ഈ പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ ഹയർ സെക്കന്ററി പരീക്ഷ പസായി, ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ പ്രായപൂർത്തിയാകുമ്പോൾ നിലവിലുള്ളത് പോലെ പ്രത്യേകമായി ലേണേഴ്സ് ലൈസൻസ് എടുക്കേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ.

 ഇതിനായി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചനകൾ.

Tags

Below Post Ad