തെരുവ് നായകളെ പിടികൂടുന്നതിനു കൂടുതൽ ആളുകൾക്ക് പരിശീലനം നൽകും; മന്ത്രി എം.ബി രാജേഷ്


 

തിരുവനന്തപുരം : തെരുവുനായകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ നായകൾക്കു പേ വിഷത്തെ പ്രതിരോധിക്കുന്ന വാക്സിനേഷൻ നൽകാൻ സർക്കാർ വിളിച്ച യോഗത്തിൽ തീരുമാനമായി. പേ പിടിച്ച, അക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയോട് അനുമതി തേടുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചു തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

തെരുവുനായകൾക്കു വാക്സിനേഷൻ നൽകാൻ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. നായകളെ പിടികൂടാൻ പരിശീലനം ലഭിച്ച ആളുകളെ ഉപയോഗിച്ച് പദ്ധതി ആരംഭിക്കും. നായകളെ പിടികൂടുന്നതിനു കൂടുതൽ ആളുകൾക്ക് പരിശീലനം നൽകും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധസേനയിൽ ഇതിനു താൽപര്യമുള്ളവർക്കും, കുടുംബശ്രീ വഴി വരുന്നവർക്കും സെപ്റ്റംബറിൽ പരിശീലനം നൽകും.

പരിശീലനത്തിന് 9 ദിവസം വേണ്ടിവരും. വെറ്ററിനറി സർവകലാശാല ഇതിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വാക്സീൻ അടിയന്തരമായി വാങ്ങിക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് നിർദേശിച്ചതായി മന്ത്രി പറഞ്ഞു. സ്കൂളുകളുള്ള ഭാഗത്ത് നായകൾക്കു വാക്സിനേഷൻ നൽകാൻ പ്രത്യേക പരിഗണന നൽകും. സ്കൂൾ കൂട്ടികൾക്ക് ബോധവൽക്കരണം നൽകും. വാക്സീൻ എടുത്ത നായ്ക്കളെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കും.

തെരുവുനായകളെ താമസിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഇതിനായി ഉപയോഗിക്കും. എത്രയും വേഗം ഇതിനായുള്ള സ്ഥലം കണ്ടെത്താൻ നിർദേശിച്ചു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ശ്രദ്ധ നൽകും. നായകൾക്ക് ഓറൽ വാക്സിനേഷന്റെ സാധ്യതയും തേടും.

ഗോവയിലും ഛണ്ഡിഗഡിലും ഇതു നടപ്പിലാക്കിയിട്ടുണ്ട്. മാലിന്യനീക്കത്തിന് അടിയന്തര നടപടി സ്വീകരിക്കും. ജില്ലാ കലക്ടർമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും മാംസവ്യാപാരികളുടെയും ഹോട്ടൽ ഉടമകളുടെയും കല്യാണമണ്ഡപ ഉടമകളുടെയും യോഗം വിളിച്ച് നിർദേശങ്ങൾ നൽകും. മാലിന്യം നീക്കുന്നതിന് ജനകീയ ഇടപെടൽ നടത്തും. മഴ കുറഞ്ഞശേഷം അതിന്റെ പ്രവർത്തനങ്ങളിലേക്കു പോകും.

മാലിന്യനീക്കത്തിനായി സന്നദ്ധസേനയെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിപുലമായ യോഗം വിളിക്കും. യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രസിനിധികൾ പങ്കെടുക്കും. ഇതോടൊപ്പം, വന്ധ്യംകരണ നടപടികളും ശക്തിപ്പെടുത്തും. നായകളെ പിടികൂടുന്നതിൽനിന്ന് കുടുംബശ്രീയെ വിലക്കിയത് തിരിച്ചടിയായതായി മന്ത്രി പറഞ്ഞു. 28ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ കുടുംബശ്രീക്ക് നായകളെ പിടിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു.

Tags

Below Post Ad