കുടുംബവഴക്ക് സംബന്ധിച്ച പരാതിയുമായാണ് പഴയന്നൂര്‍ സ്വദേശിയായ മധ്യവയസ്കന്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരനെയും കുടുംബാംഗങ്ങളെയും കണ്ട് വിവരങ്ങള്‍ തിരക്കി. ഇരുകൂട്ടരുടെയും മൊഴിയെടുത്തു.
അടുത്തദിവസം പരാതി പരിഹരിക്കുന്നതിനായി രാവിലെ സ്റ്റേഷനിലെത്തിയ ഇയാള്‍ പോലീസ് സാന്നിധ്യത്തില്‍ ബന്ധുക്കളുമായി സംസാരിച്ച് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കി മടങ്ങി. എന്നാല്‍ വൈകുന്നേരം സ്റ്റേഷന്‍ ഹൗസ് ഓഫീസറെ നേരില്‍ കാണണമെന്ന ആവശ്യവുമായി വീണ്ടുമെത്തി.
പരാതി അന്വേഷിച്ച സിവില്‍ പോലീസ് ഓഫീസര്‍ എസ്.സന്ദീപിന് ഇന്‍സ്പെക്ടറെ കാണാന്‍ കാത്തുനിന്ന ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നി. അടുത്തെത്തി ഒന്നുകൂടി വിവരങ്ങള്‍ തിരക്കി.
സമീപത്ത് നിന്നപ്പോള്‍ ഫൂരിഡാന്‍റെ രൂക്ഷമായ ഗന്ധം. നിങ്ങള്‍ വിഷം കഴിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറി. അപകടം മനസിലാക്കിയ സന്ദീപ് ഒരു നിമിഷം പാഴാക്കാതെ സ്റ്റേഷന്‍ ചാര്‍ജ്ജുണ്ടായിരുന്ന എ.എസ്.ഐ എസ്.പ്രേംജിത്തിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സി.പി.ഒ ശ്യാംചന്ദ്രനും സന്ദീപും ചേര്‍ന്ന് പരാതിക്കാരനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അപ്പോഴേക്കും അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനാല്‍ ഉടനടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അവസ്ഥകള്‍ രൂക്ഷമായതിനാല്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി. കൃത്യസമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടുമാത്രം ഒരു ജീവന്‍ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍.