പൊന്നാനി : സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം, വീടാക്രമണം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ അയ്യോട്ടിച്ചിറ തണ്ണിത്തുറ വടക്കേപുറത്ത് മുസ്തഫയെ (മണവാളൻ -34) കാപ്പ ചുമത്തി നാടുകടത്തി. ഒരുവർഷത്തേക്കാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്.
പെരുമ്പടപ്പ്, പൊന്നാനി, വയനാട്, തിരുനെല്ലി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മുസ്തഫക്കെതിരേ ബലാത്സംഗം, ആയുധം ഉപയോഗിച്ച് ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ, വീടാക്രമിക്കൽ, ലഹരി കടത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാ ആക്രമണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് മുഖേന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയാണ് കാപ്പ നിയമപ്രകാരം നാടുകടത്തൽ ഉത്തരവിറക്കിയത്.
പ്രതി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.