കോലി ഹീറോ; ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം


 

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. 

ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. 

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു.

 അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട്  റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്.

 അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.



Below Post Ad