പട്ടാമ്പി: വിനോദസഞ്ചാരകേന്ദ്രമാവാൻ കാത്തിരിക്കുകയാണ് ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ പ്രദേശം. ചെങ്ങണാംകുന്നുമുതൽ ഷൊർണൂർവരെ നാലരക്കിലോമീറ്ററോളം ദൂരത്ത് 290 മീറ്റർ വീതിയിൽ ഭാരതപ്പുഴ ഒഴുകുന്നുണ്ടിവിടെ. ഇരുപുറവും കുന്നുകളും നെൽവയലുകളുമുള്ള ഇവിടം വിനോദസഞ്ചാരകേന്ദ്രമാവണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
ഇപ്പോൾ മിക്കദിവസവും വൈകുന്നേരങ്ങളിൽ സന്ദർശകത്തിരക്കുണ്ട്. റെഗുലേറ്ററിൽ വൈദ്യുതവിളക്കുകളുള്ളതും മേന്മയാണ്. തൃശ്ശൂർ ജില്ലയിലെ ഭാരതപ്പുഴയ്ക്ക് അക്കരെയുള്ള ദേശമംഗലം വറവട്ടൂർ, കാട്ടൂർകാവ് ഭാഗത്തുള്ളവർ റെഗുലേറ്ററിലെ കാൽനടപ്പാതവഴി ഇവിടെയെത്തുന്നു. പട്ടാമ്പിഭാഗത്തുള്ളവർ കിഴായൂർ നമ്പ്രം റോഡുവഴി വാഹനങ്ങളിലും ഓങ്ങല്ലൂർ പഞ്ചായത്തിലുള്ളവർ കാൽനടയായും ഇരുചക്രവാഹനങ്ങളിലുമായുമെത്തുന്നുണ്ട്.
സാഹസികവിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശംകൂടിയാണിത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ സ്ഥലംസന്ദർശിക്കുകയും ചർച്ചനടത്തുകയും ചെയ്തിരുന്നു. റെഗുലേറ്ററിന്റെ വടക്കുഭാഗത്ത് ആറുമീറ്റർ വീതിയിൽ പൈപ്പിട്ട് നടപ്പാതയുണ്ട്. ഇതാണ് പുഴ കാണാൻ യോജിച്ചസ്ഥലം. തൊട്ടടുത്തുതന്നെ ചെങ്ങണാംകുന്ന് ഭഗവതിക്ഷേത്രമുണ്ട്. ഭാരതപ്പുഴയ്ക്ക് അക്കരെയാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തിക്ഷേത്രം.
റെഗുലേറ്ററിന് നാലുകിലോമീറ്റർ താഴെ കിഴായൂരിൽ ഒരുതടയണ താമസിയാതെ യാഥാർഥ്യമാവും.
സാങ്കേതികാനുമതി കിട്ടുകയേ വേണ്ടു. തടയണ യാഥാർഥ്യമായാൽ പട്ടാമ്പിമുതൽ ചെങ്ങണാംകുന്നുവരെ പുഴയും വയലും പാതയുമായി വിനോദസഞ്ചാരികളുടെ മനംകവരുന്ന പ്രദേശമായി ഇവിടംമാറും.
ചെങ്ങണാംകുന്നിൽനിന്ന് ഷൊർണൂർ ഭാഗത്തേക്ക് രൂപകല്പനചെയ്ത തീരദേശപാതകൂടി യാഥാർഥ്യമായാൽ വലിയസാധ്യതകൾ തുറക്കും.
സുരക്ഷിതമായ വഴിയും അനുബന്ധസൗകര്യങ്ങളും ഇപ്പോൾ ഉണ്ടാക്കിയിരിക്കുകയാണെന്നും സാമ്പത്തികഞെരുക്കം തടസ്സമാണെങ്കിലും ജലസേചനവകുപ്പിന്റെ അനുമതിയോടെ ഇക്കാര്യത്തിൽ മുന്നോട്ടുപോകുമെന്നും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പറഞ്ഞു.