ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ വിനിമയ നിരക്കിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ കഴിഞ്ഞ ദിവസം ലഭിച്ചു.
ഈ വർഷം തുടക്കത്തിലേ വിനിമയ നിരക്കിനെ അപേക്ഷിച്ച് രണ്ടുരൂപയിലേറെയാണ് ആകെ വർധനവുണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നതടക്കമുള്ള കാരണങ്ങളാണ് വിനിമയ നിരക്കിൽ മാറ്റമുണ്ടാക്കിയത്.
വിനിമയനിരക്ക് വർധന മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾവഴി പണമയക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
നിരക്കിലെ മാറ്റം കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ഇത് വലിയ ഗുണം ചെയ്യുന്നില്ലെന്നാണ് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
നാട്ടിൽ പണപ്പെരുപ്പം വർധിക്കുന്നതിനാലും വിലക്കയറ്റമുണ്ടാകുന്നതിനാലും പ്രവാസി കുടുംബങ്ങൾക്ക് വിനിമയ നിരക്കിന്‍റെ ഗുണം ലഭിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.