കൂറ്റനാട്: നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയ കുട്ടികൾ മദ്രസ്സയിൽ നിന്നു തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് മക്കളെ മർദിച്ച് അവശനാക്കിയശേഷം ഒളിവിൽ കഴിയുകയായിരുന്ന പിതാവിനെ പോലീസ് പിടികൂടി. ചാലിശ്ശേരി സ്വദ്ദേശി അൻസാറിനെ (40) മലപ്പുറം വളയംകുളത്തുനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്.
സെപ്റ്റംബർ 30-ന് ചാലിശ്ശേരി മുക്കൂട്ടയിലാണ് സംഭവം നടന്നത്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിശീലനത്തിന് മദ്രസ്സയിലേക്കു പോയിരുന്നു. തിരിച്ചെത്താൻ വൈകിയെന്ന കാരണത്താലാണ് കനമേറിയ പട്ടികയെടുത്ത് സഹോദരങ്ങളായ അൻസിലിനെയും അൽത്താഫിനെയും ക്രൂരമായി മർദിച്ചത്.
പിതാവ് അൻസാർ ലഹരിയുപയോഗിക്കുന്ന സ്വഭാവമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. പ്ലസ്‌വൺ വിദ്യാർഥിയായ അൻസിലിന്റെ ഇരുകൈകളുടെയും എല്ലുകൾ തകർന്നിരുന്നു. 10-ാം ക്ലാസിൽ പഠിക്കുന്ന അൽത്താഫിന് വാരിയെല്ലിനാണ് ഒടിവ് സംഭവിച്ചത്.
കുട്ടികളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പുറത്തറിയുന്നത്. കേസായതോടെ പിതാവ് അൻസാർ ഒളിവിൽ പോയി. അൻസാറിനെ ഞായറാഴ്ച ഉച്ചയ്ക്കുശേഷം പട്ടാമ്പി എഫ്.സി.ജി.എം. കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത് ഒറ്റപ്പാലം സബ് ജയിലിലേക്കയച്ചു.
ചാലിശ്ശേരിയിൽ മക്കളെ ക്രൂരമായി മർദിച്ച പിതാവ് പിടിയിൽ | KNews
ഒക്ടോബർ 03, 2022
Tags