കുറ്റിപ്പുറം : നഗരം കേന്ദ്രീകരിച്ച് മോഷണ സംഘങ്ങൾ വിലസുന്നു. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് രണ്ടംഗസംഘം മോഷണം നടത്തിയതിന്റെ ചൂടാറുംമുൻപേ കോൺക്രീറ്റ് മിക്‌സർ ഉപകരണത്തിലെ ബാറ്ററി ഉൾപ്പെടെയുള്ളവ മോഷണം പോയിരിക്കുകയാണ്.
താലൂക്ക് ആശുപത്രി-പേരശ്ശനൂർ റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന ഉപകരണത്തിലെ ബാറ്ററി, ഡീസൽ, ടൂൾസ് എന്നിവയാണ് ഞായറാഴ്‌ച രാത്രി മോഷണംപോയത്.
ടാങ്കിൽ നിറച്ചുണ്ടായിരുന്ന ഡീസൽ, മൂടി തകർത്ത് പൈപ്പ് ഉപയോഗിച്ചാണ് എടുത്തിട്ടുള്ളത്.ഉടമ ഹംസ കുറ്റിപ്പുറം പോലീസിൽ പരാതിനൽകി.
തിരൂർ ബൈപ്പാസ് റോഡിലെ ഒരു വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം രാത്രി ബൈക്ക് മോഷണം പോയത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
പകൽസമയം ടൗണിലെ വീടുകളിൽ സ്ത്രീകളുടെ നേതൃത്വത്തിലെത്തുന്ന ആക്രിസാധനങ്ങൾ വാങ്ങിക്കുന്ന സംഘം വീടിന്റെ പരിസരത്തുനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.
രാത്രിയിൽ കളവുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.