എടപ്പാൾ:ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് ആഡംബരകാറും സ്വർണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ പെൺകുട്ടികൂടി അറസ്റ്റിലായി. 16 പ്രതികളുള്ള കേസിൽ 15 പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ 19-കാരിയെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പരാതിക്കാരനായ വ്യാപാരി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റു പ്രതികളുടെ ഒത്താശയോടെ പോലീസിന് പരാതി നൽകുകയായിരുന്നു.
ചാലിശ്ശേരി പോലീസ് ഇത് പൊന്നാനി പോലീസിന് കൈമാറി വ്യാപാരിക്കെതിരേ പോക്സോ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണത്തിൽ പെൺകുട്ടി നൽകിയത് വ്യാജപരാതിയാണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിക്കെതിരേ കേസെടുത്തു. എങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ അറസ്റ്റുചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ പെൺകുട്ടിയെ മാത്രം അറസ്റ്റുചെയ്തിരുന്നില്ല.
പ്രായപൂർത്തിയായതോടെ പെൺകുട്ടിയോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റുവരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. പെൺകുട്ടിയെ ജുവൈനൽ കോടതിയിൽ ഹാജരാക്കി.
2019 -ൽ നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്.
ചാലിശ്ശേരി സ്വദേശിയായ അടയ്ക്കവ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന വ്യാജേന എടപ്പാളിലെ ലോഡ്‌ജിലെത്തിച്ച് മയക്കുഗുളിക നൽകി തട്ടിക്കൊണ്ട് പോയി മർദിച്ചത്. തുടർന്ന് വിലപിടിപ്പുള്ള കാറും സ്വർണവും പണവും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നുവെന്ന് പിന്നീട് പോലീസ് കണ്ടെത്തി .