തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്‌സ് മാപ്പിങ് പൂര്‍ത്തിയായി.
പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടന്‍ കലാകാരന്മാര്‍, നാടന്‍ കലകള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍, പുരാതന തറവാടുകള്‍, പുരാതന ആരാധനാലയങ്ങള്‍, പൈതൃക സ്ഥലങ്ങള്‍, ജലാശയങ്ങള്‍, നാടന്‍ ഭക്ഷണം-ഭക്ഷണശാലകള്‍, അന്യംനിന്ന് പോകുന്ന കലാസംസ്‌കാരങ്ങള്‍ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും അവയെ ടൂറിസം റിസോഴ്‌സ് ഡയറക്ടറി രൂപത്തില്‍ തയ്യാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് ടൂറിസം റിസോഴ്‌സ് മാപ്പിങ് നടത്തിയത്.
ടൂറിസം സാധ്യതകള്‍ അടങ്ങുന്ന ടൂറിസം റിസോഴ്‌സ് ഡയറക്ടറിയുടെ കരടും തയ്യാറാക്കിയിട്ടുണ്ട്. സ്ട്രീറ്റ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പട്ടിത്തറ പഞ്ചായത്തില്‍ പഞ്ചായത്ത് തല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന ഹോംസ്റ്റേ, ഫാംസ്റ്റേ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍ എന്നീ ടൂറിസം മേഖലകളിലേക്ക് പഞ്ചായത്തിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അവര്‍ക്കുള്ള പരിശീലനം ഡിസംബറില്‍ ആരംഭിക്കും. വിവിധ സ്ട്രീറ്റുകള്‍ തിരിച്ചുള്ള എക്‌സ്പീരിയഷ്യല്‍ പാക്കേജുകള്‍ തയ്യാറാകുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ജില്ലയില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
എന്താണ് സ്ട്രീറ്റ് ടൂറിസം പദ്ധതി
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് 'സ്ട്രീറ്റ് പദ്ധതി'. സസ്റ്റൈനബിള്‍ (സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന), റെസ്പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള), എക്‌സ്പീരിയന്‍ഷ്യല്‍ (അനുഭവഭേദ്യമായ), എത്‌നിക്ക് (പാരമ്പര്യ തനിമയുള്ള), ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസത്തിന്റെ വൈവിധ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ ഓരോ പ്രദേശത്തിന്റെയും ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവഭേദ്യം ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക് ക്യുസീന്‍/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്/എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകള്‍ രൂപകല്‍പന ചെയ്താണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്തില്‍ നടപ്പിലാക്കണം. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തദ്ദേശവാസികളുടെയും പിന്തുണയോടുകൂടിയാണ് നടപ്പാക്കുന്നത്. മാര്‍ച്ച് 31 ന് തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കില്‍ ടൂറിസം-പൊതുമരാമത്ത്-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭ ഡബ്ല്യൂ.ടി.ഒയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം ഉപാധിയാക്കി ഗ്രാമീണ ജനതയ്ക്ക് വരുമാനം ഉണ്ടാക്കുക, നാടിന്റെ തനിമയും കലയും സംസ്‌കാരവും വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക, ടൂറിസം വികസനം പഞ്ചായത്തിലെ തദ്ദേശവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുക, നാടിന്റെ അന്യംനിന്ന് പോകുന്ന നാടന്‍കലകളെയും കലാകാരന്മാരെയും പ്രോത്സാഹനം നല്‍കി സംരക്ഷിക്കുക, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളിലൂടെ വിനോദസഞ്ചാരികള്‍ക്ക് പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരുടെ വീടുകള്‍/സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കി അതിലൂടെ അവര്‍ക്ക് വരുമാന മാര്‍ഗം ഉറപ്പുവരുത്തുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, കൃഷിയിടങ്ങള്‍ വിനോദസഞ്ചരികള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുക, സ്ത്രീ ശാക്തീകരണം, പ്രദേശത്തെ നാടന്‍ഭക്ഷണങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്നീ പ്രയോജനങ്ങള്‍ ലഭിക്കും.