പട്ടാമ്പിയിൽ നിന്ന് കളഞ്ഞ് കിട്ടിയ പത്ത് പവൻ സ്വർണ്ണാഭരണവും, പണവുമടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് ഓങ്ങല്ലൂർ സ്വദേശിയായ യുവാവ് മാതൃകയായി
ഇന്നലെ രാവിലെ എട്ടുമണിയോടെ പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിമൂങ്ങാ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ട ബാഗിൽ 15 പവനോളം സ്വർണ്ണാഭരണങ്ങളും, പണവും വസ്ത്രവും ആധാർ, ATM, ക്രഡിറ്റ് കാർഡ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ടായിരുന്നു.
മേലെ പട്ടാമ്പി പാലക്കാട് റോഡിലെ കല്പക ഭാഗത്തു നിന്ന് ഓങ്ങല്ലൂർ സ്വദേശി കുന്നംകുളത്തിങ്ങൽ അബ്ദുൾ സബാദിനാണ് ലഭിച്ചത്. തുടർന്ന് സബാദ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി ബാഗ് സി.ഐ അൻഷാദിന് കൈമാറി. മാതൃകാ പ്രവർത്തനം നടത്തിയ യുവാവിനെ പോലിസുകാർ ഒന്നടങ്കം അനുമോദിച്ചു.
പട്ടാമ്പി ബിജു നിവാസിൽ ബിന്ദുവും സഹോദരി സുജാതയും കുടുംബ സമേതം ജാർഖണ്ഡിലേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. ബാഗ് ലഭിച്ച വിവരം അറിഞ്ഞ സുജാത ചെന്നൈയിൽ ഇറങ്ങി പട്ടാമ്പിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.