കുടുംബ സമേതം സിനിമ കാണാൻപോയി. തിയേറ്ററിൽ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കൾ

 


ഗുരുവായൂർ: റീലീസ് സിനിമയുടെ ടിക്കറ്റ് തീർന്നതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ. രണ്ടാമത്തെ തിയേറ്ററിൽ കയറിയ അവർ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

സെക്കൻഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവർ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാൽ കുട്ടി വണ്ടിയിൽ കയറിയില്ല.

ഒപ്പമുള്ളവരെ കാണാതായപ്പോൾ തിയേറ്ററിന്റെ മുന്നിൽനിന്ന് കരഞ്ഞ കുട്ടി തിയേറ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവർ മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങൾ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാർ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി.

സിനിമ നിർത്തിവെച്ച് തിയേറ്ററുകാർ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗൺസ് ചെയ്തു. ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലുണ്ടെന്നുമായിരുന്നു അനൗൺസ്‌മെന്റ്. അതോടെ കുട്ടിയോടൊപ്പമുണ്ടായിരുന്നവർ തിരികെ ആദ്യത്തെ തിയേറ്ററിലെത്തി.അപ്പോഴേയ്ക്കും അവിടത്തെ ജീവനക്കാർ കുട്ടിയെ പോലീസിൽ ഏല്പിച്ചിരുന്നു. സ്റ്റേഷനിൽനിന്ന് കുട്ടിയെ കൈമാറി.







Below Post Ad