വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച ഭീമൻ തേനീച്ചക്കൂട് ഒഴിവാക്കി


 

കുമ്പിടി : ഉമ്മത്തൂരിൽ വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച ഭീമൻ തേനീച്ചക്കൂട് ഒഴിവാക്കി. പട്ടിപ്പാറ മൂസയുടെ വീട്ടിലെ മരത്തിന് മുകളിലായാണ് ഒന്നര മീറ്ററോളം നീളത്തിലുള്ള പെരുംതേനീച്ച കൂട് കൂട്ടിയത്. 

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതിരുന്ന കൂട് പരുന്ത് റാഞ്ചിയതിനാൽ വഴിയാത്രക്കാരായ ചോടത്ത് കുഴിയിൽ ഹക്കിം, മുജീബ്, കബീർ എന്നിവർക്ക് ഈച്ചയുടെ കുത്തേൽക്കുകയും മൂവരും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 

ഈ ഈച്ചയുടെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കുന്നതാണ്. (ഏതാനും മാസങ്ങൾക്ക് മുമ്പ് കുറ്റിപ്പുറം പള്ളിയുടെ ഖബർസ്ഥാനിൽ നിന്നും നിരവധി പേർക്ക് കുത്തേൽക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു). 

തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയും കൂട് ഇരുപത് അടിയോളം ഉയരമുള്ള മരത്തിന് മുകളിൽ കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാമ്പുപിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വർഷങ്ങളായി പരിചയസമ്പന്നനുമായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയും അര മണിക്കൂറിനകം അബ്ബാസെത്തി മരത്തിന് മുകളിൽ കയറി കൂട് നീക്കം ചെയ്ത് നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഭ്രാന്തി ഒഴിവാക്കി കൊടുത്തു.



Tags

Below Post Ad