റിയാദ്: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ നാളെ പൊതു അവധി. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ.
ടീമിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വാണിജ്യസ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേള്‍ഡ്, വിന്റര്‍ ലാന്‍ഡ് എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാക്കി. പ്രവാസികളും അന്നം തരുന്ന നാടിന്റെ വിജയാഹ്ലാദത്തിൽ പങ്കുചേർന്നു.
ജിദ്ദ ശറഫിയ്യയിൽ മലയാളികൾ സൗദി ടീമിന്റെ വിജയാഘോഷ ജാഥ നടത്തുകയും പായസം വിതരണം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകൾ കേക്ക് മുറിച്ചും തങ്ങളുടെ ആഹ്ലാദം പങ്കിട്ടു.
സൗദി ടീമിന്റെ ആറാമത്തെ ലോകകപ്പ് ടൂർണമെന്റാണിത്. അർജന്റീനയുടെ 18-ാമത് ടൂർണമെന്റും. 1978 ലും 1986 ലും ലോകകപ്പ് സ്വന്തമാക്കിയ ടീം കൂടിയാണ് അർജന്റീന. ഗ്രൂപ്പ് സി-യിലാണ് സൗദിയും അർജന്റീനയും മാറ്റുരക്കുന്നത്. പോളണ്ട്, മെക്സിക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റു അംഗങ്ങൾ. ഈ മാസം 26-ന് സൗദി ടീം പോളണ്ടുമായും 30 ന് മെക്സിക്കോയുമായും ഏറ്റുമുട്ടും.