സേവനകേന്ദ്രം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി; പട്ടിത്തറയിൽ അമ്പതോളം പേരുടെ ക്ഷേമപെൻഷൻ തടഞ്ഞു


 

കൂറ്റനാട്: സേവനകേന്ദ്രത്തിന്റെ പിഴവുകാരണം പട്ടിത്തറയിലെ വയോജനങ്ങൾ പെൻഷൻ ആനുകൂല്യത്തിന്‌ പുറത്ത്. പഞ്ചായത്തിലെ നിരാലംബർ, ബി.പി.എൽ. കാർഡുടമകൾ, കിടപ്പുരോഗികൾ, വിധവകൾ, തൊഴിലാളികൾ, ശാരീരികവെല്ലുവിളി നേരിടുന്നവർ, 50 വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ തുടങ്ങി പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന അമ്പതോളം വയോജനങ്ങളാണ് രണ്ടുവർഷത്തിലധികമായി പെൻഷൻ പട്ടികയിൽനിന്ന് പുറത്തായത്.

പട്ടിത്തറയിലെ ആലൂരിൽ പഞ്ചായത്ത് അനുമതിയോടെ 2017 മുതൽ പ്രവർത്തിച്ചിരുന്ന സേവനകേന്ദ്രത്തിൽനിന്ന് വരുമാന സർട്ടിഫിക്കറ്റുകളും ലൈഫ് സർട്ടിഫിക്കറ്റുകളും പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു. ഇവിടെനിന്നുതന്നെയാണ് മുമ്പും ഇവർ രേഖകൾ സമർപ്പിച്ചിരുന്നത്. സേവനകേന്ദ്രം നൽകിയത് വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നെന്ന്‌ പഞ്ചായത്തധികൃതർ കണ്ടെത്തിയതോടെയാണ് പെൻഷൻ തടയപ്പെട്ടത്. 

സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുവേണ്ട ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിക്കാതെ അപേക്ഷകർക്ക് എളുപ്പത്തിൽ വ്യാജമായി സർട്ടിഫിക്കറ്റുകൾ അടിച്ചുനൽകിയെന്നതാണ് സേവനകേന്ദ്രത്തിന്റെ പേരിലുള്ള ആരോപണം.

പുതിയ സർട്ടിഫിക്കറ്റ് നൽകേണ്ടിവരും

മസ്റ്ററിങ്ങിനൊപ്പം അപേക്ഷയിൽവെക്കാനുള്ള വരുമാനസർട്ടിഫിക്കറ്റ് ആലൂരിലുള്ള സേവനകേന്ദ്രത്തിൽനിന്നാണ് ഇവർ വാങ്ങിനൽകിയത്. പ്രദേശത്തെ ഒരു ജനപ്രതിനിധിയുടെ ഉടമസ്ഥതയിലായിരുന്നു സേവനകേന്ദ്രം. വർഷങ്ങളോളം സ്ഥിരമായി പെൻഷൻവാങ്ങിയിരുന്ന എൺപതും തൊണ്ണൂറും കഴിഞ്ഞ മുതിർന്ന പൗരൻമാരും വികലാംഗരും കിടപ്പുരോഗികളുമെല്ലാമാണ് കഷ്ടത്തിലായത്.

പഞ്ചായത്ത് ഭരണസമിതിയിലും ജില്ലാ-താലൂക്ക് ഓഫീസുകളിലും തടഞ്ഞുവെച്ച പെൻഷൻ ലഭിക്കുന്നതിനുവേണ്ടി പലകുറി അപേക്ഷകൾ നൽകിയെങ്കിലും ഫലമില്ലാതെ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ. സേവനകേന്ദ്രം പിന്നീട് അടച്ചുപൂട്ടി. 

പട്ടിത്തറ പഞ്ചായത്തിൽ പെൻഷൻ തടഞ്ഞുവെച്ചിട്ടുള്ളവർ പുതിയ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നമുറയ്ക്ക് പെൻഷൻ നൽകുമെന്നും കുടിശ്ശിക നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവുപ്രകാരമേ സാധ്യമാവുകയുള്ളൂവെന്നും ജില്ലാ പഞ്ചായത്ത് ഡയറക്ടർ പറയുന്നു.

Tags

Below Post Ad