പട്ടാമ്പി,തൃത്താല മേഖലയിൽ മോഷണം കൂടുന്നു l Knews


 

പട്ടാമ്പി : മേഖലയിൽ രാത്രികാലങ്ങളിൽ മോഷണം കൂടുന്നു. ഒരു മാസത്തിനിടെ പട്ടാമ്പി, തൃത്താല മേഖലകളിൽനിന്ന് നഷ്ടപ്പെട്ടത് 30 പവനിലധികം സ്വർണാഭരണങ്ങളാണ്. ഒന്നരലക്ഷത്തോളം രൂപയും കവർന്നു.

വ്യാഴാഴ്ചരാത്രിയാണ് ഒടുവിലത്തെ സംഭവം. കിഴക്കേ ചാത്തനൂർ കിണറാമാക്കൽ കുഞ്ഞുമൊയ്തുവിന്റെ വീട്ടിൽ രാത്രി കയറിയ മോഷ്ടാക്കൾ വീട്‌ കുത്തിത്തുറന്ന് എട്ടര പവൻ സ്വർണവും 15,000 രൂപയും കവർന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കൾ ജനലുകൾ തകർത്ത് അകത്തുകടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ പാദസരവും കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളും അറുത്തെടുത്തു. വീട്ടിലെ ജനൽക്കുറ്റികളും മുറിച്ചുമാറ്റിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി പട്ടാമ്പി പട്ടണത്തോടു ചേർന്നുകിടക്കുന്ന മഞ്ഞളുങ്ങലിലും വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. രണ്ട്‌ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 20,000 രൂപയോളം നഷ്ടപ്പെട്ടു. സ്ഥാപനങ്ങളിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ കൊണ്ടുപോയി.

ഒക്ടോബർ അവസാനവും പട്ടാമ്പിയിൽ മോഷണം നടന്നിരുന്നു. വള്ളൂരിൽ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. 

ഇതിന്‌ ദിവസങ്ങൾക്കുമുമ്പ് പെരുമുടിയൂരിലും മോഷണം നടന്നിരുന്നു. ആകെ 22 പവനോളം സ്വർണം നഷ്ടമായി. രണ്ട്‌ മോഷണങ്ങളിലുമായി 1,60,000 രൂപയും നഷ്ടപ്പെട്ടു. ഇതിൽ ഒരു വീട്ടിൽ പകൽസമയത്താണ് കവർച്ച നടന്നത്. ഉച്ചമുതൽ വൈകീട്ടുവരെ വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. രാത്രി വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ഇതിനു തൊട്ടുമുമ്പായി പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലും മോഷണം നടന്നിരുന്നു. സ്കൂളിലെ ഹാർഡ് ഡിസ്കടക്കം കൊണ്ടുപോയി.

മാസങ്ങൾക്ക് മുമ്പ് വാവനൂർ, കൂറ്റനാട്, കപ്പൂർ മേഖലകളിൽ മോഷണം പെരുകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സ്ഥിരം മോഷ്ടാവടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞദിവസം കിഴക്കേ ചാത്തനൂരിൽ നടന്ന മോഷണത്തിൽ മൂന്നുലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളാണ് വീട്ടുകാർക്ക് നഷ്ടമായത്. പ്രദേശത്തെ ക്യാമറകളും മറ്റും പോലീസ് നിരീക്ഷിക്കുകയാണ്. ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Below Post Ad