യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാമെന്ന നിയമം ഒഴിവാക്കുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ഇതോടെ വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം (എക്സിറ്റ് അടിക്കണം). ദുബൈയിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.
വിസിറ്റ് വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട് തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഈ സംവിധാനം ഒഴിവാക്കുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും.
ഒമാനിൽ പോയി എക്സിറ്റ് അടിച്ച ശേഷം തിരിച്ചെത്തുകയാണ് പ്രവാസികൾ ചെയ്യുന്നത്. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന് മുകളിൽ ചെലവാകും.
കോവിഡ് കാലത്തിന് മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ ഈ നിയമത്തിൽ ഇളവ് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം നടപ്പാക്കുകയാണ്. അതേസമയം, താമസ വിസക്കാർക്ക് ഇത് ബാധകമല്ല.